
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ-കെഎസ്യു സംഘർഷം. സിഎംഎസ് കോളജിൽ കലാപരിപാടി നടത്തുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഏറെ തിരക്കുള്ള ജനറൽ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിനു മുന്നിൽ സംഘർഷം ഉണ്ടാക്കിയ 125 പേർക്കെതിരെ വെസ്റ്റ് പൊലീസ് കേസെടുത്തു.
സിഎംഎസ് കോളജിൽ കലാപരിപാടി നടത്തുന്നത് സംബന്ധിച്ച അഭിപ്രായവ്യത്യാസമാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിയ രോഗികളെ പോലും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഏറ്റുമുട്ടലായത്. പരുക്കേറ്റ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെയും മൂന്ന് കെഎസ്യു പ്രവർത്തകരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഒപ്പമുണ്ടായിരുന്നവർ വീണ്ടും സംഘർഷം ഉണ്ടാക്കിയത്
അഞ്ചുമണിയോടെയാണ് സിഎംഎസ് കോളജിന്റെ പരിസരത്ത് വെച്ച് തർക്കം തുടങ്ങിയത്. സംഘർഷം മണിക്കൂറുകൾ നീണ്ടതോടെ പൊലീസ് ലാത്തിവീശിയാണ് വിദ്യാർത്ഥികളെ ഓടിച്ചത്. പരുക്കേറ്റ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആർക്കും ഗുരുതരമല്ല. രാത്രി 9 മണിയോടെ ഉണ്ടായ സംഘർഷത്തിൽ ഏറെ പണിപ്പെട്ടാണ് ഇരുവിഭാഗങ്ങളിലെയും പ്രവർത്തകരെ പൊലീസ് സ്ഥലത്തുനിന്ന് മാറ്റിയത്.
SFI-KSU clash in CMS college, Kottayam