മനുഷ്യാവകാശ കമ്മിഷനില്‍ ചെയര്‍മാനില്ലാതായിട്ട് 60 ദിവസം പിന്നിടുന്നു. അപേക്ഷകളില്‍ തീരുമാനമെടുക്കാനാകുന്നില്ല. ചെയര്‍മാനായിരുന്ന ആന്‍റണി ഡൊമനിക് മേയ് 31 നു ആണ് മനുഷ്യാവകാശ കമ്മിഷന്‍റെ പടിയിറങ്ങിയത്. നീതി തേടിയെത്തുന്ന സാധാരണക്കാരന്‍റെ ആശ്രയ കേന്ദ്രമെന്ന ടാഗ്​ലൈനോടെയാണ്  മനുഷ്യവകാശ കമ്മിഷന്‍ രൂപീകരിച്ചത്. ഒരു തപാല്‍ സ്റ്റാമ്പില്‍ സംസ്ഥാനത്തുള്ള ആര്‍ക്കും മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാം. ഇപ്പോള്‍ കമ്മിഷന് നാഥനില്ലാതായായിട്ടു രണ്ടു മാസം പിന്നിട്ടു. ഒരു ചെയര്‍മാന്‍ ഒഴിയുമ്പോള്‍ തന്നെ അടുത്ത ചെയര്‍മാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടാതാണ് . എന്നാല്‍ ഇതു വരെയും നടപടിക്രമങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. ചെയര്‍മാനടക്കം മൂന്നംഗങ്ങളുണ്ടങ്കിലും  നാലു ജില്ലകളുടെ ചുമതല വഹിക്കുന്നത് ചെയര്‍മാനാണ്. തിരുവനന്തപുരം, എറണാകുളം, കോട്ടയം , ഇടുക്കി എന്നീ ജില്ലകളിലെ പരാതികളില്‍ ചെയര്‍മാനില്ലാത്തതു  കാരണം തീരുമാനമെടുക്കാന്‍ കഴിയുന്നുമില്ല

 

മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമിതിയാണ് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടത്. എന്നാല്‍ രണ്ടു തവണ നിശ്ചയിച്ച യോഗവും മാറ്റിവെച്ചു. ആദ്യത്തേത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്നും രണ്ടാമത്തേത് വക്കം പുരുഷോത്തമന്‍റെ മരണത്തെ തുടര്‍ന്നുമാണ് മാറ്റിയത്.

 

ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് മണികുമാറിന്‍റെ പേരാണ് നിലവില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്‍റെ വിധിന്യായങ്ങള്‍ ഭരണപക്ഷത്തിനു വേണ്ടിയായിരുന്നെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയടക്കം രംഗത്തെത്തിയിരുന്നു. നേരത്തെ ചീഫ് ജസ്റ്റിസിനേ ചെയര്‍മാന്‍ പദവിയിലെത്താന്‍ കഴിയുമായിരുന്നുള്ളു. ഇപ്പോള്‍ ജഡ്ജിമാര്‍ക്കും ചെയര്‍മാന്‍ പദവിയിലെത്താം.

 

 

Govt yet to appoint Human Rights Commission chairman