principalcollegenew-04

സര്‍ക്കാര്‍ കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ വിധി സര്‍ക്കാര്‍ നടപ്പാക്കിയാല്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി പുനപരിശോധിക്കാന്‍ നിര്‍ദേശിച്ച  പട്ടികയിലെ 38 പേര്‍ക്ക് താല്‍ക്കാലിക നിയമനം ലഭിക്കും. വീണ്ടും അപേക്ഷ ക്ഷണിച്ച് പുതിയ നിയമന പട്ടിക തയാറാക്കണമെന്ന ട്രൈബ്യൂണല്‍ നിര്‍ദേശം സര്‍ക്കാരിന് ഭാഗികമായി ആശ്വാസം നല്‍കുന്നതാണ്. സംസ്ഥാനത്ത് 62 സര്‍ക്കാര്‍ കോളജുകളിലെ പ്രിൻസിപ്പൽ തസ്തികയാണ് ഒഴിഞ്ഞു കിടക്കുന്നത്. 

 

പ്രിന്‍സിപ്പല്‍ നിയമനം സംബന്ധിച്ച അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍വിധി ഒരേസമയം സര്‍ക്കാരിന് അനുകൂലവും പ്രതികൂലവുമാണ്. പി.എസ്.സി അംഗം അധ്യക്ഷനായ  വകുപ്പു തല പ്രമോഷൻ സമിതി അംഗീകരിച്ച 43 പേരുള്ള പ്രിന്‍സിപ്പല്‍നിയമന പട്ടികയില്‍ നിന്ന് നിയമനം  നൽകണമെന്ന് മൂന്നാം തവണയാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെടുന്നത്. പട്ടികയിലെ 5 പേർ വിരമിച്ചു. 38 പേർക്കാണ് പ്രിൻസിപ്പൽമാരായി താൽക്കാലിക നിയമനം നല്‍കേണ്ടത്. ഇതോടെ പട്ടിക പുനപരിശോധിക്കണമെന്ന ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശം ട്രൈബ്യൂണല്‍ തള്ളുകയായിരുന്നു. എന്നാല്‍ വീണ്ടും അപേക്ഷ ക്ഷണിച്ച് അര്‍ഹരായവരുടെ പുതിയ പട്ടിക തയാറാക്കണം എന്നും വിധി പറയുന്നു. 

 

വകുപ്പുതല പ്രമോഷന്‍ സമിതി  അംഗീകരിച്ച 43 പേരുടെ പട്ടികയും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായ കമ്മിറ്റി തയാറാക്കിയ വിപുലമായ പട്ടികയും തള്ളണമെന്നും, പുതിയതായി നിയമന നടപടി ആരംഭിക്കണം എന്നും ഉള്ള സര്‍ക്കാരിന്‍റെ ആവശ്യം ഭാഗികമായി ട്രൈബ്യൂണല്‍ അംഗീകരിച്ചതിന് തെളിവാണിത്. കേസുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്  ഹാജരാക്കിയ ഫയലുകൾ അപൂർണമാണെന്നു ട്രൈബ്യൂണൽ നിരീക്ഷിച്ചു. 43 അംഗ പട്ടികയ്ക്ക് എതിരെയുള്ള പരാതികൾ ഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് അധ്യാപകർ നേരിട്ടു നൽകിയതാണെന്നും ട്രൈബ്യൂണല്‍കണ്ടെത്തിയിട്ടുണ്ട്. ഭരണാനുകൂല അധ്യാപകസംഘടനയുടെ കത്തിനെ മുന്‍നിര്‍ത്തി  സര്‍ക്കാര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ പ്രിൻസിപ്പൽ നിയമന പട്ടികയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു എന്ന ആരോപണമാണ് ഉയര്‍ന്നിരുന്നത്. 

 

 

62 vacancies in college principal post, Kerala