tvm

തിരുവനന്തപുരം മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിലുണ്ടായിരുന്ന 16 മൽസ്യതൊഴിലാളികളും രക്ഷപ്പെട്ടു. ആറുപേർക്ക് പരുക്കേറ്റു. അതേസമയം, മുതലപ്പൊഴിയിൽ 24 മണിക്കൂറിനകം മണ്ണ് നീക്കി തുടങ്ങുമെന്ന മന്ത്രിതല സമിതിയുടെ വാക്ക് പാഴ്‌വാക്കായി. 

 

രാവിലെ ആറു മണിക്ക് ശക്തമായ തിരയിൽപ്പെട്ടാണ് ബുറാക്ക് എന്ന വള്ളം മറിഞ്ഞത്. 16 മൽസ്യതൊഴിലാളികളും സ്വയം നീന്തി കരകയറിയത് വലിയ ആശ്വാസം. അപകടത്തിൽ പരുക്കേറ്റ കഹാർ, റൂബിൻ, സവാദ്, സജീർ, ഉമ്മർ, സഹദ് എന്നിവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ബോട്ടുകളുടെ സഹായതോടെ തീരത്ത് അടുപ്പിച്ച വള്ളത്തിൽ കുടങ്ങിയ വല നീക്കാൻ മണിക്കുറുകൾ വേണ്ടിവന്നു. 

 

തുടർച്ചയായ അപകടങ്ങൾ മൽസ്യ തൊഴിലാളികളുടെ രോഷത്തിന് ഇടയാക്കി. ഇപ്പറഞ്ഞത് ഒന്നും നടന്നില്ല. ചിതറിക്കിടക്കുന്ന പുലിമുട്ട് നീക്കം ചെയ്യാൻ കൊണ്ടുവന്ന ക്രെയിനിന് മതിയായ ശേഷിയില്ല. ചെറിയ കല്ലുകൾ മാത്രമാണ് നീക്കുന്നത്. ഇനി വലിയ ക്രെയിൻ വരണം. മണ്ണും നിക്കണം. എന്ന് തീരുമെന്ന് ഒരു എത്തുംപിടിയുമില്ല.  മന്ത്രിമാർ അടിയന്തരം എന്ന വാക്കിൻറെ അർത്ഥം മനസ്സിലാക്കി വേണം ഉപയോഗിക്കാൻ. വറുതി കാലത്തിന് ശേഷം പച്ചപിടിപ്പിക്കാൻ ശ്രമിക്കുന്ന മൽസ്യ തൊഴിലാളിയുടെ ജീവിതത്തിലാണ് ഓരോ അപകടവും കരിനിഴൽവീഴ്ത്തുന്നത്.