ട്രോളിങ് നിരോധനം കഴിഞ്ഞതോടെ യന്ത്രവൽകൃതബോട്ടുകള്‍ കടലില്‍ മീന്‍പിടിത്തം തുടങ്ങി. അന്‍പത്തിരണ്ടു ദിവസത്തെ ട്രോളിങ് നിരോധനം
അര്‍ധരാത്രിയാണ് അവസാനിച്ചത്. സംസ്ഥാനത്തെ മൂവായിരത്തിഅഞ്ഞൂറിലധികം ബോട്ടുകളാണ് മീന്‍പിടിക്കാനായി കടലിലിറങ്ങിയത്.
അര്‍ധരാത്രി പുറപ്പെട്ട ബോട്ടുകളൊക്കെ തിരികെയെത്താന്‍ ദിവസങ്ങളെടുക്കും. ചെറിയ ബോട്ടുകള്‍ മാത്രമാണ് ആദ്യദിവസങ്ങളില്‍ ഹാര്‍ബറുകളില്‍ മീന്‍നിറയ്ക്കുന്നത്. ട്രോളിങ് നിരോധനം കഴിഞ്ഞ് ബോട്ട് ഇറക്കുമ്പോള്‍ ലഭിക്കുന്ന ചെമ്മീന്‍ ഇനത്തിലെ കരിക്കാടിയും കഴന്തനുമൊക്കെയാണ് ഇത്തവണയും കൊല്ലത്തെ ബോട്ടുടമകള്‍ക്ക് ആദ്യ മണിക്കൂറില്‍ ലഭിച്ചത്.
ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളില്‍ എഴുനൂറു ബോട്ടുകളാണുളളത്. സംസ്ഥാനമൊട്ടാകെ മൂവായിരത്തിഅഞ്ഞൂറിലധികം ബോട്ടുകള്‍ ആഴക്കടല്‍ മീന്‍പിടിത്തത്തിനായുണ്ട്. കാലാവസ്ഥ അനുകൂലമാകണമെന്നാണ് എല്ലാവരുടെയും പ്രാര്‍ഥന.