മരം മുറിച്ചുമാറ്റുന്നതിനിടെ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കോട്ടയത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അയല്‍വീടിനോട് ചേര്‍ന്നുള്ള മരം മുറിച്ചു മാറ്റുന്നതിനിടെ വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.വാതില്‍പ്പടിയിലിരിക്കുകയായിരുന്ന പള്ളം മേലേപ്പറമ്പില്‍ പരേതനായ ബാബുവിന്റെ ഭാര്യ 49കാരിയായ മേരിക്കുട്ടിയാണ് മരിച്ചത്.  ഇവരുടെ ബന്ധുവായ ഷേര്‍ലി, വാടകയ്ക്ക് താമസിക്കുന്ന സ്മിത എന്നിവര്‍ക്ക് പരുക്കേറ്റ് ചികിത്സയിലാണ്.   

ഷേർലിയുടെ വീടിനു മുന്നിൽ നിന്ന മരമാണ് മുറിക്കുന്നതിനിടെ സ്മിതയുടെ വീടിനു മുകളിലേക്കു പതിച്ചത്. സമീപവാസിയായ മേരി, മരം മുറിച്ചു മാറ്റുന്നതു കാണുന്നതിനായി ഇവിടേക്കു വന്നതായിരുന്നു. ഷേർലി വൈക്കത്താണ് താമസിക്കുന്നത്. ഇവിടത്തെ വീട് സ്മിതയ്ക്കു വാടകയ്ക്കു നൽകിയിരിക്കുകയായിരുന്നു.ഷേർലിയും സ്മിതയും ഓടി മാറാൻ ശ്രമിച്ചെങ്കിലും ഇവരും ശിഖരത്തിനടിയിലായി. മേരിക്കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. അഗ്നിരക്ഷാ സേനയെത്തി ശിഖരം മുറിച്ച് മാറ്റിയാണ് ഷേർലിയെയും സ്മിതയെയും പുറത്തെടുത്തത്. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു. സൈറ, സച്ചിൻ എന്നിവരാണ് മേരിക്കുട്ടിയുടെ മക്കൾ.