കലഞ്ഞൂരിൽ ഭാര്യ കൊലപ്പെടുത്തി കുഴിച്ചിട്ടു എന്ന് സംശയിച്ച നൗഷാദിനെ കണ്ടെത്തിയതോടെ ആശ്വാസത്തിലാണ് മാതാപിതാക്കളും തിരച്ചിൽ നടന്ന പരുത്തിപ്പാറയിലെ ജനങ്ങളും. ഇന്നലെ പകൽ മുഴുവൻ നൗഷാദിന്റെ മൃതദേഹം തേടി പോലീസ് പലയിടത്തും കുഴിച്ച് പരിശോധന നടത്തിയിരുന്നു
ഇന്നലെ പകൽ മുഴുവൻ പത്തനംതിട്ട പരുത്തിപ്പാറയിൽ നൗഷാദിന് വേണ്ടിയുള്ള തിരച്ചിലായിരുന്നു പോലീസ് . ഭാര്യ ചൂണ്ടിക്കാട്ടിയ സ്ഥലത്തെല്ലാം കുഴിച്ചു പരിശോധിച്ചു. ഒന്നും കിട്ടാതായതോടെ വൈകിട്ടോടെ തിരച്ചിൽ അവസാനിപ്പിച്ചു . രാത്രി റിമാൻഡിലാവും മുമ്പു വരെ അഫ്സാന മൊഴിമാറ്റിക്കൊണ്ടേയിരുന്നു. കസ്റ്റഡിയിൽ വാങ്ങി മാനസിക നില പരിശോധിക്കാനടക്കം തീരുമാനിച്ചിരിക്കെയാണ് തൊടുപുഴയിൽ നിന്നു നൗഷാദിനെ കണ്ടെത്തിയത്. അഫ്സാന യുടെ പെരുമാറ്റത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് നൗഷാദിന്റെ മാതാപിതാക്കൾ പറഞ്ഞു. എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപദ്രവിച്ചു. തടഞ്ഞപ്പോൾ കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
അഫ്സാനയ്ക്കെതിരെ രോഷത്തിലാണ് പരുത്തിപ്പാറയിലെ നാട്ടുകാരും . അയൽക്കാരനായ ഒരാൾക്കെതിരെയും ഇന്നലെ മൊഴി നൽകിയിരുന്നു. വാടക വീടിന്റെ തറയടക്കം കുത്തിപ്പൊളിച്ചതിലും പ്രതിഷേധം ഉണ്ട്. നൗഷാദിനെ ആരും മർദ്ദിച്ചിട്ടില്ല എന്നും ഭാര്യയെയും കുഞ്ഞിനേയും ഉപദ്രവിച്ചപ്പോൾ ഇനി ആവർത്തിക്കരുത് എന്ന് മുന്നറിയിപ്പ് നൽകിയതേ ഉള്ളു എന്നും നാട്ടുകാർ പറയുന്നു. അഫ്സാന നിലവിൽ അട്ടക്കുളങ്ങര വനിതാ ജയിലിൽ റിമാന്റിലാണ്. മാനസിക നിലയടക്കം പരിശോധിക്കാൻ നടപടി ഉണ്ടാകും.