TAGS

സ്കൈ ഡൈവിങ്ങില്‍ ഏഷ്യന്‍ റെക്കോര്‍ഡ് നേടിയതിനു പിന്നാലെ രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തം പേരിലാക്കി കോഴിക്കോട് ബാലുശേരി സ്വദേശി. 43,000 അടി ഉയരത്തില്‍ നിന്ന് ചാടി ജിതിന്‍ വിജയനാണ് അഭിമാന നേട്ടം കൊയ്തത്. ഈ ഉയരത്തില്‍ നിന്ന് ചാടുന്ന ലോകത്തെ ഏഴാമത്തെയാളാണ് ജിതിന്‍. 

 

എട്ടുമാസത്തെ കഠിന പരിശീലനത്തിനു ശേഷമാണ് അമേരിക്കയിലെ ടെന്നിസ് സ്റ്റേറ്റില്‍ ജൂലൈ ഒന്നിന് ഡൈവിങ് നടത്തിയത്. 43,000 അടി ഉയരത്തില്‍ നിന്ന് ചാടാന്‍ ഏഴുമിനിറ്റ് സമയമെടുത്തു. വിമാനത്തില്‍ നിന്ന് ചാടി 2 മിനുട്ട് 47 സെക്കന്‍റ് ഫ്രീ ഫാള്‍ ആയിരുന്നു. 5500 അടി ഉയരത്തിലെത്തിയപ്പോള്‍ പാരച്യൂട്ട് ഉയര്‍ത്തി ഭംഗിയായി ലാന്‍ഡുചെയ്തു. കൈത്തണ്ടയില്‍ ഇന്ത്യന്‍ പതാക കെട്ടിയാണ് ജിതിന്‍ ഡൈവിങ് നടത്തിയത്. ഇത് ഡൈവിങ് കൂടുതല്‍ ദുഷ്ക്കരമാക്കി. സാധാരണ 15,000 അടി ഉയരത്തില്‍ ചാടുന്നവര്‍ മാത്രമേ പതാക കൈയിലേന്താറുള്ളൂ. കുറഞ്ഞ ഫ്രീ ഫാള്‍ സമയത്തിനും പതാകയേന്തി ഡൈവിങ്ങ് നടത്തിയതിനുമാണ് ഗിന്നസ് റെക്കോര്‍ഡ്. 

 

പത്തുലക്ഷത്തിലധികം രൂപയാണ് ഡൈവിങ്ങിനായി ചെലവഴിച്ചത്. ഇനി സ്കൂബാ ഡൈവിങ്ങാണ് ലക്ഷ്യം. പൂര്‍ണ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്. കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ് ജിതിന്‍.