harsheena

പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ മറന്നുവച്ച കേസില്‍ പൊലിസ് അന്വേഷണ റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍നടപടി സ്വീകരിക്കാനുള്ള മെഡിക്കല്‍ ബോര്‍ഡില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഉണ്ടാകില്ല. ഡി.എം.ഒയുടെ നേതൃത്വത്തിലാണ് ഇതിനായുള്ള പാനലിനെ രൂപീകരിച്ചത്. അതേ സമയം മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് പരാതിക്കാരി ഹര്‍ഷിന മനോരമന്യൂസിനോട് പറഞ്ഞു

 

പൊലിസ്  അന്വേഷണത്തില്‍ ഹര്‍ഷിനയുടെ വയറ്റില്‍ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേതാണെന്നാണ് കണ്ടെത്തല്‍. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ കണ്ടെത്തലില്‍ പൊലിസ് എത്തിയത്. ഇനി അറിയേണ്ടത് അഞ്ചു വര്‍ഷക്കാലം ഹര്‍ഷിന അനുഭവിച്ച ശാരീരിക മാനസിക വേദനകള്‍ക്ക് ആരാണ് ഉത്തരവാദി എന്നതാണ്. അതു കണ്ടെത്താനും പൊലിസ് റിപ്പോര്‍ട്ടിന്‍മേല്‍ തുടര്‍ നടപടി സ്വീകരിക്കാനുമാണ് ഡി.എം.ഒയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ബോര്‍ഡ് അടുത്ത മാസം ഒന്നിനു ചേരുന്നത്.  ആരോപണ വിധേയര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ആയതിനാല്‍ ഈ പാനലില്‍ അവിടുനിന്നുള്ളവര്‍ ഉണ്ടാകില്ല. മെഡിക്കല്‍ ബോര്‍ഡ് തീരുമാനത്തെ  ഏറെ പ്രതീക്ഷയോടെയാണ് ഹര്‍ഷിന കാണുന്നത്

 

നീതി തേടി ഹര്‍ഷിന നടത്തുന്ന  സമരം 65 ദിവസം പിന്നിട്ടു. 50 ലക്ഷം രൂപ നഷ്ടപരിഹാരം , കുറ്റക്കാര്‍ക്കെതിരെ നടപടി ഈ രണ്ടാവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരം തുടരാന്‍ തന്നെയാണ് തീരുമാനം