ശ്രുതിതരംഗം പദ്ധതിയിലുള്‍പ്പെട്ട മുവാറ്റുപുഴ പെരുമറ്റം സ്വദേശിയായ പന്ത്രണ്ടുകാരന്‍റെ ശ്രവണസഹായി പണിമുടക്കിയിട്ട് നാലുമാസമായി. കേള്‍വി നിലച്ചതോടെ പഠിക്കാന്‍ മിടുക്കനായ അല്‍ അമീന് സ്കൂളില്‍ പോകാനും കഴിയുന്നില്ല. സമാന വൈകല്യമുള്ള അമീന്‍റെ കുഞ്ഞുസഹോദരിയും ശ്രുതിതരംഗത്തിനായുള്ള കാത്തിരിപ്പിലാണ്. 

 

നാലുമാസം മുന്‍പ് ഭംഗിയായി വായിക്കുമായിരുന്നു അല്‍ അമീന്‍. എന്നാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ലഭിച്ച ശ്രവണ സഹായി പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കേടായതോടെ സംസാരവും പഠനവും കഴിയാതെയായി. ഒന്നര വയസ്സുള്ളപ്പോഴാണ് അമീന്‍ ശ്രുതിതരംഗം പദ്ധതിയിലൂടെ ശബ്ദങ്ങളുടെ ലോകത്തെത്തുന്നത്. പതിയെ പതിയെ സംസാരിക്കാന്‍ തുടങ്ങി. പഠനത്തിലും മികവുതെളിയിച്ചു. സംസാര– ശ്രവണ ശേഷിയില്ലാത്ത ഉപ്പയ്ക്കും ഉമ്മയ്ക്കും അനിയത്തിക്കുട്ടിയ്ക്കും കാതും നാവുമായി. എന്നാല്‍ കാലാവധി കഴിഞ്ഞതോടെ ശ്രവണസഹായി പണിമുടക്കി. പുതിയതൊന്ന് വാങ്ങണമെങ്കിൽ നാലു ലക്ഷം രൂപ ചെലവുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തിന് ഈ തുക കണ്ടെത്താനാകില്ല.

 

ഇപ്പോള്‍ ആംഗ്യഭാഷയിലാണ് അമീന്‍ സംസാരിക്കുക. ആറുവയസുള്ള ഐഷയ്ക്കും ഇതുവരെ ശ്രുതിതരംഗം പദ്ധതിയില്‍ ഇടംനേടാന്‍ കഴിഞ്ഞിട്ടില്ല. മറ്റുള്ളവരോട് ഇടപഴകാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ സ്കൂളിലും കൂട്ടുകാരില്ല. ടിവിയില്‍ ഇവരെക്കുറിച്ചു വരുന്ന വാര്‍ത്തയും ഇവര്‍ക്ക് കേള്‍ക്കാനാകില്ല. പക്ഷേ സര്‍ക്കാരിത് കേട്ടേ മതിയാകൂ. കാരണം ആറും പന്ത്രണ്ടും വയസുള്ള കുഞ്ഞുങ്ങളുടെ ജീവിതതമാണിത്, ഭാവിയാണിത്.

 

It's been four months since the 12-year-old's hearing aid stopped working