കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഒരുമാസമായി അടഞ്ഞുകിടക്കുന്ന കാത് ലാബ് തുറക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു. കാത് ലാബ് തുറക്കാന്‍ നടപടിയായെന്ന് എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍. എന്നാല്‍ കുടിശിക കിട്ടാതെ സ്റ്റെന്റ് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് ഉപകരണം വിതരണം ചെയ്യുന്ന കമ്പനികള്‍. കാത്‌ലാബിന്‍റെ പ്രവര്‍ത്തനം നിലച്ചതോടെ ജീവന്‍ പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് ഹൃദ്രോഗികള്‍.
കാത് ലാബ് അടച്ചിട്ട് ഒരു മാസം കഴിഞ്ഞു. സ്റ്റന്റ് വിതരണക്കാര്‍ക്ക് നല്‍കാനുള്ള കുടിശിക രണ്ടേമുക്കാല്‍ കോടി കഴിഞ്ഞതോടെ അവര്‍ വിതരണം നിര്‍ത്തിയതാണ് പ്രതിസന്ധി. ലാബിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നിരവധി ചര്‍ച്ച നടന്നു. ഏറ്റവും ഒടുവില്‍ എം.എല്‍.എ തോട്ടത്തില്‍ രവീന്ദ്രന്‍ ആരോഗ്യമന്ത്രിയെ നേരിട്ട് കണ്ട് വിവരം ധരിപ്പിച്ചു. ഒടുവില്‍ ലാബ് ഉടന്‍ തുറക്കുമെന്ന് എം.എല്‍.എ
വിതരണക്കാര്‍ക്ക് നല്‍കാനുള്ള തുക ആശുപത്രിയുടെ അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. പക്ഷെ അത് എപ്പോള്‍ നല്‍കുമെന്ന അറിയിപ്പ് ലഭിച്ചിട്ടില്ല. തുക ലഭിച്ചാല്‍ മാത്രം ഉപകരണങ്ങള്‍ നല്‍കിയാല്‍ മതിയെന്നാണ് വിതരണക്കാരുടെ നിലപാട്. ഇതിനിടയില്‍ ജീവന്‍ നഷ്ടമാകാതിരിക്കാന്‍ പാടുപെടുന്ന കുറച്ചു സാധാരണക്കാരില്‍ സാധാരണക്കാരായ ഹൃദ്രോഗികള്‍ ഉണ്ട്..അതില്‍ ഒരാളാണ് കോഴിക്കോട് കോതി സ്വദേശി മുസ്തഫ. ശസ്ത്രക്രിയക്കായുള്ള തിയതി നീണ്ടു നീണ്ടുപോകുമ്പോള്‍ ഇവരുടെ ശാരീരിക പ്രശ്നങ്ങളും കൂടുന്നു. ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ച 15 രോഗികളെയാണ് കാത് ലാബിന്റെ പ്രവര്‍ത്തനം തടസപ്പെട്ടപ്പോള്‍ തിരിച്ചയച്ചത്. നാല്‍പതിലധികാം രോഗികള്‍ ശസ്ത്രക്രിയക്കായി തിയതി കാത്തിരിപ്പുണ്ട്.