തൃശൂർ അകമല ഫോറസ്റ്റ് സ്റ്റേഷൻ പുനസ്ഥാപിക്കണമെന്നാവശ്യത്തിന് രണ്ട് വർഷത്തെ പഴക്കമാകുന്നു. കാട്ടാനയെ കുഴിച്ചിട്ട മൂള്ളൂർക്കര ഭാഗമുൾപ്പെടുന്ന ഫോറസ്റ്റ് സ്റ്റേഷൻ 2021ൽ അടച്ചുപൂട്ടിയതോടെ പ്രദേശത്ത് വന്യജീവി വേട്ട വർധിച്ചെന്നാണ് ആരോപണം.
മുള്ളൂർക്കരയിൽ കാട്ടാനയെ കുഴിച്ചുമൂടിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സമീപത്തെ അകമല ഫോറസ്റ്റ് സ്റ്റേഷൻ പുനസ്ഥാപികണമെന്ന ആവശ്യം വീണ്ടും ശക്തമാകുന്നത്. രണ്ടു വർഷം മുമ്പാണ് ഫോറസ്റ്റ് സ്റ്റേഷൻ അടച്ച് പരിധി വാഴാനിയിലേക്ക് മാറ്റുന്നത്. 30 സ്ക്വയർ കിലോ മീറ്റർ പരിധിയാണ് അകമല ഫോറസ്റ്റ് സ്റ്റേഷനുണ്ടായിരുന്നത്. 19 ജീവനക്കാർ പ്രവർത്തിച്ചിരുന്നതിനാൽ പ്രദേശത്തെ മലയോര മേഖലയിൽ നിരീക്ഷണവും കൃത്യം. 2021 ൽ സ്റ്റേഷൻ അകാരണമായി വാഴാനിയിലേക്ക് മാറ്റിയതോടെ പ്രതിസന്ധി തുടങ്ങി. 60 സ്ക്വയർ കിലോമീറ്റർ പരിധിയിൽ ഇവിടെ 13 ജീവനക്കാർ മാത്രമാണ്. ഇതോടെ നിരീക്ഷണവും പേരിന് മാത്രമായി. വന്യജീവികൾ ആക്രമിക്കപ്പെടുന്നതും പതിവായി.
സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന കെട്ടിടം അടഞ്ഞു കിടക്കുകയാണ്. പ്രദേശത്തേക്ക് കാട്ടാനയിറങ്ങൽ പതിവായ സമയത്ത് തന്നെ സ്റ്റേഷൻ പുന സ്ഥാപിക്കാനാവശ്യപ്പെട്ട് വനം മന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയിരുന്നു. പക്ഷെ നടപടിയുണ്ടായില്ല
മുള്ളൂർക്കരയിൽ റോയിയുടെ റബർ തോട്ടത്തിൽ ആന ചെരിഞ്ഞ് രണ്ട് ദിവസം മൂടി വെച്ചതും കൊമ്പ് മുറിച്ച് കുഴിച്ചിട്ടതും നിരീക്ഷണത്തിലുണ്ടായ പിഴവാണെന്നാണ് ആരോപണം. ചന്ദനമരങ്ങള്‍ വ്യാപകമായ പ്രദേശത്തെ നിരീക്ഷണത്തിലും വീഴ്ചയുണ്ട്. ജനങ്ങൾക്ക് വനം വകുപ്പുമായി ബന്ധപ്പെടാൻ പോലും സാധിക്കാത്ത സ്ഥിതി. അകാരണമായി അടച്ച ഫോറസ്റ്റ് സ്റ്റേഷൻ ഉടൻ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധത്തിനൊരുങ്ങുകയാണ് ബയോ നാച്ചുറൽ ക്ലബടക്കമുളള സംഘടനകൾ.
The demand to restore the Thrissur Akamala Forest Station is two years old