വിലകയറ്റത്തില്‍ പുതിയ റെക്കോര്‍ഡിട്ട് തക്കാളിയും ഇഞ്ചിയും. കനത്ത മഴകാരണം കര്‍ണാടകത്തിലും തമിഴ്നാട്ടിലുമുണ്ടായ കൃഷിനാശമാണ് തിരിച്ചടിയായത്. വിലകയറ്റം രൂക്ഷമായതോടെ ചെറുകിട വ്യാപാരികളില്‍ പലരും തക്കാളിയും ഇഞ്ചിയും വാങ്ങുന്നത് നിര്‍ത്തിയിരിക്കുകയാണ്.
ഇഞ്ചിയാണ് ഇപ്പോള്‍ മാര്‍ക്കറ്റിലെ താരം. കിലോയ്ക്ക് 200 രൂപയാണ് വില. തക്കാളി വില നൂറിലങ്ങനെ തിളങ്ങി നില്‍ക്കുമ്പോഴാണ് ഇഞ്ചി ഡബിള്‍ സെഞ്ച്വറിയടിച്ച് ജൈത്രയാത്ര തുടരുന്നത്. ഒരുകാലത്ത് വിലകയറ്റത്തില്‍ പൊള്ളി നിന്ന സവാള വെറും 20ല്‍ നില്‍ക്കുമ്പോള്‍ ചെറിയുള്ളി 140ലെത്തി. ഇനി കറിയിലല്‍പ്പം എരിവുകുറയ്ക്കുന്നത് നന്നാകും. പച്ചമുളക് കിലോയ്ക്ക് നൂറ്റിയന്‍പതാണ് വില. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും മര്‍ക്കറ്റുകളില്‍പോയി വെറും കൈയ്യോടെ മടങ്ങേണ്ട അവസ്ഥയാണിപ്പോഴെന്ന് മൊത്തവ്യാപാരികള്‍ പറയുന്നു. വില കൂടിയ സാഹചര്യത്തില്‍ ചെറുകിട കച്ചവടക്കാര്‍ ലോഡെടുക്കുന്നതും കുറഞ്ഞിട്ടുണ്ട്.
തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും കൃഷിനാശം കാരണം മൂന്നാഴ്ച്ചയായി പച്ചക്കറിയുടെ വരവ് കുറവാണ്. അതുകൊണ്ട് തന്നെ കുമ്പളവും വെള്ളരിയും ചേനയുമൊഴികെ മറ്റെല്ലാത്തിനും വില ദിനംപ്രതി കുതിക്കുകയാണ്. ഒരു മാസത്തിന് ശേഷമെ തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും പച്ചക്കറികള്‍ വിളവെടുപ്പിന് പാകമാകൂ. അതായത് പച്ചക്കറി വില കുറയാന്‍ കുഞ്ഞത് ഒരു മാസമെങ്കിലും എടുക്കുമെന്ന് അര്‍ഥം.