TAGS

ശമ്പളം വൈകിയതോടെ കൂലിപ്പണിക്ക് പോകാൻ അവധി അപേക്ഷ നൽകി കെ.എസ്.ആര്‍.ടി.സി. ഡ്രൈവർ. വണ്ടിയിൽ പെട്രോൾ അടിക്കാൻ പോലും പണമില്ലെന്നും കടത്തിലാണെന്നും അറിയിച്ചാണ് ചാലക്കുടി ഡിപ്പോയിൽ ഡ്രൈവർ അവധി അപേക്ഷ നൽകിയത്.

 

ശമ്പളം വരാത്തതിനാൽ ജോലിക്ക് വരാനായി പെട്രോൾ അടിക്കാൻ പോലും പണമില്ല. കൂലിപ്പണിക്ക് പോകാൻ മൂന്നു ദിവസത്തെ അവധി തരണം. ചാലക്കുടി കെഎസ്ആർടിസി ഡിപ്പോയിൽ  ഡ്രൈവർ എംസി അജു നൽകിയ അവധിക്കത്ത്‌ ഇങ്ങനെയായിരുന്നു. ഒന്നര മാസമായി ശമ്പളം മുടങ്ങിയ അജു പ്രതിഷേധമെന്നോണം എഴുതിയതാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കാരണം. പലചരക്ക് കടയിൽ കൊടുക്കാൻ പോലും പണമില്ലെന്ന് ദയനീയമായി പറയുന്നുണ്ട്.

 

2013 മുതൽ കെഎസ്ആർടിസിയിലെ ഡ്രൈവറാണ് അജു. ശമ്പളം മുടങ്ങുന്നത് കാരണം കുടുംബം പട്ടിണിയിലായ നിരവധി ജീവനക്കാരിൽ ഒരു ഉദാഹരണം മാത്രം. തങ്ങളുടെ ദുരിതം ഉത്തരവാദിത്വപ്പെട്ടവരിൽ എത്താനെങ്കിലും കത്ത് സഹായിക്കുമെന്നാണ് അജുവിന്റെ പ്രതീക്ഷ. എന്നാൽ കാത്തുമായി  ബന്ധപ്പെട്ട് വിവരം അറിയില്ലെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം. അവധിക്കുള്ള അപേക്ഷ തന്റെ ജോലി തന്നെ നഷ്ടപ്പെടുത്തുമെന്ന ഭയത്തിൽ അജു തിരികെ വാങ്ങി. പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയോടെ..