തിരുവനന്തപുരം വിഴിഞ്ഞം മുക്കോലയില്‍ പി. മഹാരാജന്‍ എന്ന തൊഴിലാളി കിണറിന്റെ ആഴങ്ങളില്‍ വിടപറഞ്ഞത് ഇളയമകളുടെ ജന്മദിനത്തില്‍. മഹാരാജന്റെ മരണത്തോടെ ഇനിയെന്ത് എന്ന ചിന്തയിലാണ് കുടുംബം. ഇപ്പോള്‍ താമസിക്കുന്ന വീടിന് ജപ്തിനോട്ടിസ് കിട്ടിയതുകാരണം ഇവര്‍ നേരത്തെ താമസിച്ചിരുന്ന ഒറ്റ മുറി ഷെഡ്ഡിലാണ് മഹാരാജന് അന്ത്യവിശ്രമമൊരുക്കിയത്.
കിണര്‍ ജോലിക്ക് പോകുന്നതിന്റെ തലേന്നുതന്നെ മഹാരാജന്‍ ഇളയ മകള്‍ സബിതയ്ക്ക് മിഠായി വാങ്ങിനല്‍കിയിരുന്നു. പിറ്റേന്ന് വൈകുന്നേരം ജന്മദിനപലഹാരങ്ങളുമായി അച്ഛന്‍ എത്തുന്നതും കാത്തിരുന്ന കുടുംബത്തെത്തേടിയെത്തിയത് മഹാരാജന്റെ അപകടവാര്‍ത്ത. നാട്ടുകാര്‍ക്കും ഉറ്റബന്ധക്കള്‍ക്കും തീരാവേദനയായി അത്.
തമിഴ്നാട്ടിലെ ആറല്‍വാഴ്മൊഴി പെരുമാള്‍ പുരത്തുകാരനായ മഹാരാജന്‍ ഇരുപതുവര്‍ഷംമുമ്പാണ് ജോലിതേടി വെങ്ങാനൂരില്‍ എത്തിയത്. ബന്ധുക്കള്‍ താമസിക്കുന്ന നെല്ലിയറത്തല നീലകേശി റോഡില്‍ ഏഴുസെന്റ് ഭൂമി വാങ്ങി. ഒരുഒാലപ്പുരകെട്ടി താമസം തുടങ്ങി. ഇതിനോട് ചേര്‍ന്ന് ഒരുവീട് നിര്‍മിച്ചു.വീട്ടില്‍ ഇനിയും പണികള്‍ ഏറെബാക്കി. കടംവീട്ടാനുള്ള കഠിനാധ്വാനത്തിലായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ജോലി മുടങ്ങി. ഏഴുസെന്റില്‍ രണ്ടുസെന്റ് വിറ്റ് കുറെ കടങ്ങള്‍ തീര്‍ത്തു. എങ്കിലും പലിശയും പിഴപ്പലിശയും ചേര്‍ന്ന് ബാധ്യതകള്‍ അവസാനിച്ചില്ല സഹകരണ ബാങ്കിലെ തിരിച്ചടവ് മുടങ്ങിതിനാല്‍ ജപ്തിനോട്ടീസ് കിട്ടി. അതുകാരണം കുടുംബം ആദ്യം താമസിച്ചിരുന്ന ഒറ്റമുറി വീട്ടിലാണ് മഹാരാജന്റെ അന്ത്യവിശ്രമത്തിന് ഇടംകണ്ടെത്തിയത്. മഹാരാജന്‍ ഏറെ ഇഷ്ടപ്പെട്ട ഈ മണ്ണ് വിട്ടുപോകേണ്ടിവരുമോയെന്ന ഭീതിയിലാണ് സെല്‍വിയും ബബിതയും സബിതയും.