പശുക്കളില്ലെങ്കിലും രണ്ട് നൂറ്റാണ്ട് പഴക്കമുള്ള തൊഴുത്തിനെ വീടിനേക്കാള്‍ നന്നായി പരിപാലിക്കുകയാണ് പത്തനംതിട്ട ഏനാത്ത് സ്വദേശി ഐവാന്‍ ജോര്‍ജ്. പത്ത് വര്‍ഷമായി പശുക്കളില്ല. അതിന് മുന്‍പ് പശുക്കള്‍ നിറഞ്ഞ് നിന്ന തൊഴുത്താണ്.

 

ഇരുനൂറിലധികം വര്‍ഷം പഴക്കം. ആറ് തലമുറകള്‍ കടന്നു പോയി. തൊഴുത്ത് ഒരു കേട്പാടുമില്ലാതെ അവിടെത്തന്നെയുണ്ട്. ഏനാത്ത് കിഴക്കുപുറം കാവനാല്‍ തറവാടിന്‍റെ മുറ്റത്ത് ഇപ്പോള്‍ പശുക്കളില്ലെങ്കിലും തറവാട് തല ഉയര്‍ത്തി നില്‍ക്കുന്നു. മാമ്മന്‍ കത്തനാരില്‍ തുടങ്ങി പുരോഹിതരുടെ തലമുറയായിരുന്നു കാവനാല്‍ വീട്ടില്‍ . നൂറേക്കറോളം പുരയിടത്തില്‍ കൃഷി ഉണ്ടായിരുന്നുവെന്ന് ഇപ്പോഴത്തെ തലമുറ  ഓര്‍ക്കുന്നു. വീടിനോട് ചേര്‍ന്നുള്ള തൊഴുത്തില്‍ പശു, കാള.പോത്ത്, ആട് എന്നിവയും ഉണ്ടായിരുന്നു. പശുവളര്‍ത്തല്‍ നിലച്ചെങ്കിലും തൊഴുത്തിനെ ഒരു കേടുപാടും ഇല്ലാതെ സംരക്ഷിക്കുകയാണ്

 

പണ്ട് സമീപത്ത് കുന്നത്തുമലയും, കൊയ്പ്പള്ളിമലയും, പുലിമലയും ഉണ്ടായിരുന്നു. വന്യമൃഗശല്യവും രൂക്ഷം. ഇവയില്‍ നിന്ന് പശുക്കളെ സംരക്ഷിക്കാന്‍ അത്രബലമേറിയ തടികള്‍കൊണ്ടാണ് തൊഴുത്ത് നിര്‍മിച്ചത്. അതു തന്നെയാണ് ഇരുനൂറ് വര്‍ഷത്തിന് ശേഷവും തൊഴുത്തു നിലനില്‍ക്കാന്‍ കാരണം. ഒപ്പം കൃത്യമായി ചോര്‍ച്ച തടയുന്നതും ചിതലെടുക്കാത്ത കരുതലും.