വർഷങ്ങൾ നീണ്ട സേവനത്തിന് ശേഷം ഇടുക്കി ഡോഗ് സ്ക്വാഡിലെ ട്രാക്കർ ഡോഗ് ജനിക്ക് ഇനി വിശ്രമം. ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ജനിയെ സ്വന്തം പരിപാലകൻ എഎസ്ഐ സാബുവിന് വിട്ടുനൽകി.  

2015 മുതൽ ഇടുക്കി K9 ഡോഗ് സ്ക്വാഡിലെ താരമാണ് ജനി. തൃശ്ശൂരിൽ നിന്ന് പരിശീലനം പൂർത്തിയാക്കി ഇടുക്കിയിലെത്തിയ ഉടനെതന്നെ അടിമാലിയിലെ രാജധാനി കൊലക്കേസിൽ പ്രതികളെ കണ്ടെത്തുന്നതിന് നിർണായക പങ്കു വഹിച്ചത് ജനി ആയിരുന്നു. കേവലം മിസ്സിംഗ് കേസിൽ ഒതുങ്ങി പോകുമായിരുന്ന പൂപ്പാറ പുത്തടിയിലെ റിജോഷ് തിരോധാനം കൊലപാതകം ആണെന്ന് കണ്ടെത്താൻ പോലീസിനെ സഹായിച്ചതും ജനിയാണ്. രണ്ടര കിലോമീറ്റർ സഞ്ചരിച്ച് റിജോഷിന്റെ മൃതശരീരം കുഴിച്ചിട്ട സ്ഥലം ജെനി പൊലീസിന് കാട്ടിക്കൊടുത്തു. അങ്ങനെ പല ദുർഘടമായ വഴികളിലൂടെയും സേനയെ ലക്ഷ്യസ്ഥാനത്ത് എത്തിച്ച നായികയാണവൾ. രണ്ടാം വയസ്സിൽ പൊലീസിനൊപ്പം കൂടിയ ജനി പത്താം വയസ്സിലാണ് വിരമിക്കുന്നത്. ജില്ലയിലെ ഡോഗ് സ്ക്വാഡിൽ നിന്ന് ആദ്യമായി വിരമിക്കുന്ന നായ എന്ന പ്രത്യേകതയും ജനിക്കുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ വിപുലമായാണ് യാത്രയയപ്പ് നൽകിയത്.