വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന് പിഴ അടയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ നോട്ടിസ് വന്നതായി പരാതി.  കാഞ്ഞിരപ്പള്ളി സ്വദേശി സഹീൽ എന്ന യുവാവാണ് പരാതി അറിയിച്ചത്. കൂളിംഗ് ഫിലിം ഒട്ടിച്ചു എന്ന പേരിലാണ് മറ്റൊരു വാഹനത്തിന്റെ ചിത്രവുമായി സഹീലിന് നോട്ടീസ് ലഭിച്ചത്. 

വീട്ടുമുറ്റത്ത് കിടന്നിരുന്ന കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചു എന്ന പേരിൽ  പിഴ അടയ്ക്കാനുള്ള നോട്ടീസ് എത്തിയതോടെയാണ് കാഞ്ഞിരപ്പള്ളി സ്വദേശി സഹീൽ ഞെട്ടിയത്. മൊബൈലിൽ കണ്ട സന്ദേശത്തെ തുടർന്ന് പരിവാഹൻ സൈറ്റിൽ നിന്ന് ഈ ചെല്ലാൻ ഡൗൺലോഡ് ചെയ്തു.കൂളിംഗ് ഫിലിം ഒട്ടിച്ചതിന് 500 രൂപ പിഴ അടയ്ക്കണം എന്നായിരുന്നു നിർദ്ദേശം.സഹിലിന്റെ ഉടമസ്ഥതയിലുള്ള വാഹനം വെള്ള നിറത്തിലുള്ളതാണ്. ചുവന്ന നിറത്തിലുള്ള മറ്റൊരു വാഹനമാണ് പൊലീസ് അയച്ച നോട്ടീസിൽ ഉള്ളത്.തിരുവനന്തപുരത്ത് വച്ച് വ്യാഴാഴ്ച വൈകിട്ട് 5.08 ന്  അയച്ചു നൽകിയിരിക്കുന്നത്.മോട്ടോർ വാഹന വകുപ്പ് പിഴയിട്ടിരിക്കുന്ന സമയത്ത് താനും വാഹനവും വീട്ടിലായിരുന്നുവെന്ന് സഹീൽ പറയുന്നു.മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് ഫോട്ടോ എടുത്ത് അയച്ച നോട്ടീസിലാണ് തെറ്റ് കടന്നു കൂടിയത്.വാഹനത്തിലിരുന്നു എടുത്തിരിക്കുന്ന ഫോട്ടോയിൽ കാറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമല്ല.  മോട്ടോർ വാഹന വകുപ്പിന്റെ പരാതി പരിഹാര സെല്ലിൽ വിളിച്ച് പരാതി അറിയിച്ചതോടെ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ.