കോട്ടയത്ത് രാവിലെ മുതലുള്ള ഇടവിട്ട മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഇറങ്ങാൻ വൈകുന്നു. വീടുകളിൽ കയറിയ വെള്ളം രണ്ടുദിവസമായി കെട്ടിക്കിടക്കുന്നതോടെ ഇരട്ടി ദുരിതത്തിൽ ആയിരിക്കുകയാണ് കോട്ടയം അയ്മനം നിവാസികൾ. അയമനത്ത് മാത്രം 32 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്.
വീട്ടിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ബന്ധു വീടുകളിലേക്ക് അയച്ച് സുരക്ഷിതരാക്കുകയാണ് എല്ലാവരും. ബന്ധുവീടുകളിലേക്കോ ക്യാമ്പുകളിലേക്കോ മാറാൻ കഴിയാത്തവർ മാലിന്യ നിറഞ്ഞ കിണറുകളും ശുചിമുറികളും കൊണ്ട് വലഞ്ഞു. വെള്ളം ഉയരുന്നതിനനുസരിച്ച് സാധനങ്ങൾ മുകളിലേക്ക് കയറ്റിവയ്ക്കാൻ ആണ് പലരും വീടുകളിൽ തുടരുന്നത്.
താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും സ്കൂളുകളിലും വെള്ളം ഇറങ്ങാതെ തുടരുന്നത് കുട്ടികൾക്കും ആശങ്ക പലയിടത്തും പ്രധാന പാതകൾ ഉയർത്തി നിർമ്മിച്ചതോടെ ഇരുവശങ്ങളിലേക്കുമുള്ള ഇടറോഡുകളിലാണ് വെള്ളം കുത്തിയൊലിച്ചെത്തിയത്. ചെറിയ റോഡുകളും ഉയർത്തി നിർമ്മിക്കണമെന്നാണ് അയ്മനം മാമ്പ്രം നിവാസികളുടെ ആവശ്യം. ജില്ലയിൽ 72 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 843 കുടുംബങ്ങളിലെ 2609 പേർ വിവിധ ക്യാമ്പുകളിലുണ്ട്.