വരയുടെ ഉന്നതികളിലും ലാളിത്യവും നിർമമത്വവും കൈവിടാത്ത അതുല്യ പ്രതിഭയായിരുന്നു ആർട്ടിസ്റ്റ് നമ്പൂതിരി. കരുവാട്ട് മനയുടെ മുറ്റത്ത് ഈർക്കിൽ കൊണ്ട് വരഞ്ഞ് തുടങ്ങിയ ആ വര ഇതിഹാസസമാനം മലയാളിയുടെ മനസിലേക്ക് കയറി. വരയ്ക്ക് പുറമേ കല്ലും കളിമണ്ണും മരവും ലോഹവും നമ്പൂതിരിയുടെ കൈകള്‍ക്ക് ഒരുപോലെ വഴങ്ങി. ഒല്ലൂരില്‍ സംസ്കൃതം പഠിക്കാനെത്തിയപ്പോള്‍ സ്വായത്തമാക്കിയ അരമുറി വൈദ്യം പോലും തന്റെ വരയ്ക്ക് മുതല്‍ക്കൂട്ടായെന്ന് നമ്പൂതിരി ഒരിക്കല്‍ പറഞ്ഞു.
ദീര്‍ഘകായരായിരുന്നു നമ്പൂതിരിയുടെ മനുഷ്യര്‍. സ്ത്രീകളിലും വ്യത്യാസമുണ്ടായിരുന്നില്ല. തകഴി, കേശവദേവ്, പി, ശ്രീനാരായണഗുരു, ഇ.എം.എസ്, അരവിന്ദന്‍, എം.ടി, പുനത്തില്‍ കുഞ്ഞബ്ദുള്ള എന്നിങ്ങനെ നമ്പൂതിരിവരയില്‍ തെളിയാത്തവര്‍ ചുരുക്കമാണ്. ശ്രീകൃഷ്ണകഥകളായും ഭീമനായും ദ്രൗപതിയായും എണ്ണിയാലൊടുങ്ങാത്ത സ്ത്രീകളായും ഗന്ധര്‍വനായും മാധവിക്കുട്ടിയുടെ നീര്‍മാതളത്തിന് മിഴിവേകിയും പയ്യന്റെ രൂപമായുമെല്ലാം ആ വര കൂടുതല്‍ മിഴിവോടെ ഉയര്‍ന്നു. നമ്പൂതിരിയുടെ സ്ത്രീകളില്‍ താന്‍ ഭ്രമിച്ചുപോയെന്നായിരുന്നു വി.കെ.എന്നിന്റെ പ്രശംസ. വരയുടെ 'പരമശിവനെ'ന്ന് വിശേഷിപ്പിക്കാനും വി.കെ.എന്‍ മടിച്ചില്ല. അരവിന്ദന്റെ കാഞ്ചനസീതയുടെ സ്കെച്ചുകളും ഉത്തരായനത്തിന്റെ കലാസംവിധാനവും നമ്പൂതിരിയുടെ പ്രതിഭാസ്പര്‍ശം വിളിച്ചോതുന്നവയാണ്. ഞാന്‍ ഗന്ധര്‍വനിലെ ഗന്ധര്‍വന്റെ രൂപവും ഭാവവും വേഷവും നമ്പൂതിരിയുടെ കല്‍പന തന്നെ.
വാക്കും വരയും ചേര്‍ന്ന് അതുല്യമായൊരു ഓര്‍മച്ചിത്രം 'രേഖകള്‍' എന്ന പേരില്‍ നമ്പൂതിരി കുറിച്ചു. ചിത്രം കണ്ട് ജനങ്ങള്‍ തിരിച്ചറിയുന്ന കാലത്തേ കലാകാരനെന്ന നിലയില്‍ തന്റെ സ്വത്വം അടയാളപ്പെടൂവെന്ന് വിശ്വസിച്ച ആളായിരുന്നു നമ്പൂതിരി. അതുതന്നെയായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹവും. അസംഖ്യം വരകള്‍ക്ക് നടുവില്‍ നമ്പൂതിരിച്ചിത്രങ്ങള്‍ തലയെടുപ്പോടെ നില്‍ക്കുകയാണ്. കണ്ടു മതിവരാതെ മലയാളവും.