വരികളെ വരകള്‍കൊണ്ടും, വരകളെ വരികള്‍കൊണ്ടും പരസ്പരം പ്രചോദിപ്പിക്കാന്‍ കഴിയുന്ന ചിത്രകാരനായിരുന്നു വാസുദേവന്‍ നമ്പൂതിരി എന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരി. തൊണ്ണൂറ്റിയെട്ടാം വയസിലും വരയുടെ ലോകത്ത് സജീവമായിരുന്നു. മലപ്പുറം എടപ്പാള്‍ നടുവട്ടത്തിനടുത്ത കരുവാട്ടുമനയില്‍ നിന്നാണ് അത്ഭുതപ്പെടുത്തുന്ന ഈ വരയാത്രയുടെ തുടക്കം.
കാലം നരകള്‍ വീഴ്ത്തുന്തോറും വരകളുടെ ലോകത്ത് കൂടുതല്‍ കൂടുതല്‍ സജീവമാവുകയായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി. പൊന്നാനി കളരിയിലെ പ്രഗല്‍ഭരായ കലാസഹിത്യ പ്രവര്‍ത്തകര്‍ക്കൊപ്പം വളര്‍ന്നു വന്നതിന്‍റെ പരിചയ സമ്പത്താണ് കരുത്തായത്. മനസിലും വരകളിലും എന്നും നിറഞ്ഞത് ശുകപുരത്തെ കാഴ്ചകളും ഒാര്‍മകളും. 1925ല്‍ ചിങ്ങ മാസത്തിലെ ആയില്യം നക്ഷത്രത്തില്‍ കരുവാട്ടു മനയില്‍
പരമേശ്വരന്‍ നമ്പൂതിരിയുടേയും ശ്രീദേവി അന്തര്‍ജനത്തിന്‍റേയും മൂത്ത മകനായാണ് ജനനം. വരയുടെ ലോകത്തിലേക്ക് കുട്ടിക്കാലത്ത് തന്നെ വാസുദേവന്‍ കടന്നിരുന്നു. തറയിലും ചുമരുകളിലും കരിക്കട്ടകൊണ്ട് കോറിയിടുന്ന നമ്പൂതിരി ശൈലി അന്നേ പലരും തിരിച്ചറിഞ്ഞു. പഠനത്തിനായി മദിരാശിയിലേക്ക് വണ്ടി കയറാന്‍ പിന്തുണച്ചതും അതുകൊണ്ടാണ്. ഇന്ത്യന്‍ ചിത്രകലയ്ക്ക് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ കെസിഎസ് പണിക്കര്‍ക്കൊപ്പം ചിത്രകലാ പഠനം തുടങ്ങി. ഇതോടെ തന്‍റെ തലവര ചിത്രകലയിലാണന്ന് നമ്പൂതിരി തിരിച്ചറിയുകയായിരുന്നു. നാട്ടില്‍ എത്തിയ ശേഷം എന്‍ വി കൃഷ്ണവാരിയരുടെ ശുപാര്‍ശ കത്തുമായി എംവി ദേവനെ കാണാന്‍ കോഴിക്കോട്ടെത്തി.
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ജോലി ചെയ്ത ശേഷം കലാകൗമുദി വാരികയിലും ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചു. സംഗീതവും സാഹിത്യവും കഥകളിയും മനസില്‍ നിറഞ്ഞാടിയ കലാകാരന്‍റെ വരയിലും അത് പ്രതിഫലിച്ചു. കഥകളി വേഷങ്ങളുടെ ധാരാളിത്തം നമ്പൂതിരി വരകളില്‍ പ്രകടമാണ്. പൊന്നാനി കളരിയിലെ ഇടശേരി, ഉറൂബ്, എം. ഗേവിന്ദന്‍, കെസിഎസ് പണിക്കര്‍, പത്മിനി, അക്കിത്തം തുടങ്ങിയവരുടെ രചനകള്‍ പോലെ നമ്പൂതിരി വരകളിലും മുന്നില്‍ നിന്നത് മനുഷ്യരൂപങ്ങളാണ്. എംടി വാസുദേവന്‍ നായരുമായി പതിറ്റാണ്ടുകളായുളള ആത്മന്ധം. കലാകാരന്‍റെ വരകളിലൂടെ കഥാകാരന്‍റെ മനസിലേക്ക് വായനക്കാരന്‍ പ്രവേശിക്കുന്ന അനുഭവമാണ് പകര്‍ന്നു നല്‍കിയത്. ഇത്രയധികം പ്രമുഖ സാഹിത്യകാരന്‍മാരുടെ പുസ്തകങ്ങള്‍ക്ക് വരകളുടെ ഭാഷ നല്‍കിയ മറ്റൊരു ചിത്രകാരന്‍ ലോകത്ത് തന്നെ അപൂര്‍വമാവും. നമ്പൂതിരി ചിത്രകാരന്‍ മാത്രമല്ല. കരിങ്കല്ലിലും സിമന്‍റിലും ചെമ്പിലുമെല്ലാം ഒരേ കൈത്തഴക്കത്തോടെ രൂപങ്ങള്‍ വിരിയിക്കാന്‍ വഴക്കമുളള ശില്‍പിയായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി.