ലോകത്തിലെ ഏറ്റവും മികച്ച രേഖാചിത്രകാരന്മാരില്‍ ഒരാളായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സൃഷ്ടികള്‍ക്ക് അതിരുകളില്ല. കളിമണ്ണും, മരവും, ചുമരും മാത്രമല്ല ചെമ്പുതകിടിലും മാന്ത്രികനായിരുന്നു ആര്‍ട്ടിസ്റ്റ് നമ്പൂതിരി. ചലച്ചിത്രമേഖലയില്‍ സമാന്തരസിനിമയുടെ ചരിത്രമെഴുതിയ കൊല്ലത്തെ അച്ചാണി രവി എന്ന രവീന്ദ്രനാഥന്‍ നായരുടെ വീട്ടിലും സ്ഥാപനങ്ങളിലുമൊക്കെ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ വിരല്‍സ്പര്‍ശമുണ്ട്.
കൊല്ലത്തുകാരുടെ രവി മുതലാളി. അച്ചാണി രവി എന്ന കെ. രവീന്ദ്രനാഥന്‍ നായരുടെ വീടും സ്ഥാപനങ്ങളുമൊക്കെ അലങ്കരിക്കുന്നത് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സൃഷ്ടികളാണ്. അച്ചാണി രവിയുടെ മകന്‍ പ്രതാപ് നായരുടെ വസതിയുടെ പൂമുഖത്തുണ്ട് അതിമനോഹരമായ ഒരു കലാസൃഷ്ടി. ഇരുപതുവര്‍ഷം മുന്‍പ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി ചെമ്പു തകിടില്‍ തീര്‍ത്ത ശില്‍പം. സ്വീകരണമുറിയിലും പൂജാമുറിയിലുമൊക്കെ കാഴ്ചയാകുന്നത് ശ്രീകൃഷ്ണകഥകളാണ്. താന്‍ കൃഷ്ണഭക്തനായതിനാല്‍ ആവശ്യം അറിഞ്ഞാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഒാരോന്നും പതിപ്പിച്ചതെന്ന് പ്രതാപ് നായരുടെ വാക്കുകള്‍.
തറവാട് വീടിന്റെ പൂമുഖത്ത് മഹാഭാരതം ചെമ്പ് തകിടില്‍ തിളങ്ങിനില്‍ക്കുന്നു. നഗരഹൃദയത്തില്‍ തലഉയര്‍ത്തി നില്‍ക്കുന്ന നാണി ഹോട്ടലിലും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നിരവധി സൃഷ്ടികള്‍ കാണാം... കാലമിത്രയായിട്ടും മങ്ങലേല്‍ക്കാതെ പ്രകാശിക്കുകയാണ് ഒാരോന്നും.