കോട്ടയം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം. പുലർച്ചെ മുതൽ ഇടവിട്ട ചാറ്റൽ മഴയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ലഭിച്ചത്. എന്നാൽ കിഴക്കുനിന്ന് പെയ്ത്തുവെള്ളം ശക്തിയായി ഒലിച്ചെത്തിയതോടെ വെള്ളക്കെട്ടിൽ വലയുകയാണ് പടിഞ്ഞാറൻ മേഖലകളിലുള്ളവർ
മഴ കുറഞ്ഞെന്ന ആശ്വാസമുണ്ടെങ്കിലും എന്ന് ഒഴിയുമെന്ന് അറിയാത്ത വെള്ളക്കെട്ടാണ് കോട്ടയത്ത് രൂക്ഷമാവുന്നത്. രണ്ടുദിവസത്തെ ശക്തമായ മഴയ്ക്കൊടുവിൽ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ പതിവു തെറ്റാതെ വെള്ളം കയറി. സ്റ്റേഡിയത്തിന് ചുറ്റുമുള്ള ഓട ശുചീകരിക്കാത്തതാണ് മൂന്നടിപ്പൊക്കത്തിൽ വെള്ളംപൊങ്ങാൻ കാരണം.ഇല്ലിക്കൽ, തിരുവാർപ്പ്, താഴത്തങ്ങാടി, കുമരകം, വൈക്കം, എന്നിങ്ങനെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും പരിസരത്തുമെല്ലാം വെള്ളം കയറി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ 27 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. കോട്ടയം താലൂക്ക് - 19, ചങ്ങനാശേരി താലൂക്ക് - 4, മീനച്ചിൽ - 3 കാഞ്ഞിരപ്പള്ളി - ഒന്ന് എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. 124 കുടുംബങ്ങളിലായി 407 പേർ വിവിധ ക്യാമ്പുകളിലുണ്ട്.