വന്ദേഭാരത് ട്രെയിനുകൾക്കു പിന്നാലെ ടിക്കറ്റ് നിരക്കു കുറവുള്ള വന്ദേ സാധാരൺ ട്രെയിനുകളുമായി റെയില്‍വേ. കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന റൂട്ടുകളിലാണ് റെയില്‍വേ നോണ്‍എസി വന്ദേ സാധാരണ്‍ ട്രെയിനുകള്‍ ഒാടിക്കുക. ഇതിനായി തിരഞ്ഞെടുത്ത 9 റൂട്ടുകളിൽ എറണാകുളം–ഗുവാഹത്തിയും ഇടംപിടിച്ചിട്ടുണ്ട്. 

 

ദീർഘദൂര ട്രെയിനുകളിൽ ജനറൽ കോച്ചുകളുടെ എണ്ണം കുറച്ചതോടെ സെക്കൻഡ് ക്ലാസ് യാത്രക്കാർ അനധികൃതമായി എസി കോച്ചുകളിൽ പ്രവേശിക്കുന്നെന്ന പരാതിയും വ്യാപകമായിരുന്നു. ഇത്തരം ആക്ഷേപങ്ങൾ കൂടി കണക്കിലെടുത്താണ് റെയിൽവേ സാധാരണക്കാർക്കായി പ്രത്യേക ട്രെയിൻ പുറത്തിറക്കുന്നത്. ചില കോച്ചുകളിൽ റിസർവേഷൻ ഉണ്ടായിരിക്കും. വന്ദേ ഭാരതിന്റെ വേഗമുണ്ടായിരിക്കുമെങ്കിലും ട്രെയിൻ എസിയായിരിക്കില്ല. 24 കോച്ചുകളുള്ള വന്ദേ സാധാരൺ ട്രെയിൻ കൂടുതൽ വേഗം കൈവരിക്കാനായി പുഷ് പുൾ രീതിയിൽ മുന്നിലും പിന്നിലും എൻജിൻ ഘടിപ്പിച്ചാകും സർവീസ് നടത്തുക. 

 

65 കോടി രൂപയാണു വന്ദേ സാധാരൺ ട്രെയിനിന്റെ നിർമാണച്ചെലവ്. ഒക്ടോബറിൽ ആദ്യ റേക്ക് പുറത്തിറങ്ങുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ ആഴ്ചയിൽ ഒന്നു വീതമുള്ള സർവീസായിട്ടാകും എറണാകുളം–ഗുവാഹത്തി ആരംഭിക്കുക. പുതിയ കോച്ചുകൾ ലഭിക്കുന്നതു വരെ സാധാരണ കോച്ചുകളുമായി സർവീസ് നേരത്തെ തുടങ്ങിയേക്കും.   ഓട്ടമാറ്റിക് വാതിലുകളുള്ള ആദ്യ നോൺ എസി ട്രെയിനാകും വന്ദേ സാധാരൺ. സിസിടിവി ക്യാമറ, ബയോ വാക്വം ശുചിമുറികൾ എന്നിവയുണ്ടാകും.