കൊച്ചി കുണ്ടന്നൂര്‍ മേല്‍പ്പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ബലത്തെച്ചൊല്ലി ആശങ്ക. അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തിയിലുണ്ടായ വിള്ളലാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരിക്കുന്നത്. പരിശോധിച്ച് അടിയന്തിര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭയും രംഗത്തെത്തി.
ദേശീയപാതയില്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ച കുണ്ടന്നൂര്‍ മേല്‍പ്പാലം ഗതാഗതത്തിനായി തുറന്നുകൊടുത്ത് രണ്ടരവര്‍ഷം തികയുന്നതിന് മുന്‍പാണ് പുതിയ വിവാദം. എറണാകുളം ഭാഗത്തുള്ള അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി പാലത്തിലേക്ക് ചേരുന്നിടത്ത് ഇതാണ് സ്ഥിതി. പാലത്തില്‍നിന്ന് സംരക്ഷണഭിത്തി അകന്ന് നില്‍ക്കുന്നു. വിള്ളലുണ്ടായതിന്റെ തൊട്ടടുത്ത് കഴിഞ്ഞദിവസം പൊതുമരാമത്ത് എന്‍.എച്ച് വിഭാഗം മണ്ണ് പരിശോധന നടത്തി.
ചതുപ്പ് നിലമായതിനാല്‍ അപ്രോച്ച് റോഡ് സ്വാഭാവികമായി താഴുന്നതാണെന്നും സംരക്ഷണ ഭിത്തിക്ക് ബലക്ഷയമില്ലെന്നും നിര്‍മാണ കമ്പനി അറിയിച്ചു. ദേശീയപാതയില്‍ എറണാകുളം ഭാഗത്തുള്ള മുഴുവന്‍ പാലങ്ങളുടെയും അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി നടത്തി ഉയരം ക്രമീകരിക്കുകയാണ് ചെയ്യുന്നതെന്നും കമ്പനി വിശദീകരിച്ചു.