TAGS

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് നല്‍കുന്ന കെ ഫോണിന്‍റെ പദ്ധതി ഇഴഞ്ഞു നീങ്ങുന്നു. ഇതുവരെ 3800 വീടുകളില്‍ മാത്രമാണ് ഇന്‍റര്‍നെറ്റ് ലഭ്യമായത്. 14000 കണക്ഷനുകള്‍ ആദ്യഘട്ടം നല്‍കാനായിരുന്നു തീരുമാനം. 13000 കുടുംബങ്ങളുടെ ലിസ്റ്റ് മാത്രമേ ഇതുവരെ തദ്ദേശവകുപ്പില്‍ നിന്ന് വന്നിട്ടുള്ളു. ജൂണ്‍ മാസം അവസാനത്തോടെ 14000 ബി.പി.എല്‍ കുടുംബങ്ങള്‍ക്കും ഇന്‍റര്‍നെറ്റ് നല്‍കുമെന്നായിരുന്നു കെ ഫോണ്‍ അധികൃതര്‍ പറഞ്ഞിരുന്നത്. ജൂണ്‍ ആദ്യം കെ ഫോണ്‍ ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ആയിരത്തിലേറെ വീടുകളിലായിരുന്നു ഇന്‍റര്‍നെറ്റ് ലഭ്യമാക്കിയിരുന്നത്. ഇങ്ങനെ പോയാല്‍ 14000 കുടുംബങ്ങള്‍ക്കും സൗജന്യ ഇന്‍റര്‍നെറ്റ് കിട്ടാന്‍ മാസങ്ങളെടുക്കും. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്‍റര്‍നെറ്റ് എന്നതായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.

 

കണക്ഷന്‍ വൈകുന്നതിന് കൃത്യമായി കാരണം പറയാന്‍ സാധിക്കുന്നില്ല. കേരള വിഷനാണ് വീടുകളിലേക്ക് കണക്ഷന്‍ നല്‍കുന്നതിനുള്ള കരാര്‍ എടുത്തിരിക്കുന്നത്. കാലതാമസത്തിന് കേരള വിഷനും കെ ഫോണും പരസ്പരം കുറ്റപ്പെടുത്തുന്ന സ്ഥിതിയാണ്. ഉള്‍പ്രദേശങ്ങളിലേക്ക് കണക്ഷന്‍ നല്‍കാന്‍ സാങ്കേതികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നു എന്നാണ് അധികൃതര്‍ പറയുന്നത്. 17832 സര്‍ക്കാര്‍ ഓഫീസുകളില്‍ ഇതുവരെ കണക്ഷന്‍ നല്‍കി. സെപ്റ്റംബറോടെ 22000 സര്‍ക്കാര്‍ ഓഫീസുകളില്‍ കണക്ഷന്‍ നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. 

 

ഇതേസമയം വാണിജ്യ കണക്ഷനുകള്‍ 15 ദിവസം കഴിഞ്ഞാല്‍ കൊടുത്തു തുടങ്ങുമെന്നും കെ ഫോണ്‍ അധികൃതര്‍ വ്യക്തമാക്കി. താരിഫ് നിരക്ക് കുറവായതിനാല്‍ വന്‍തോതില്‍ അന്വേഷണം വരുന്നുണ്ട്. കെ ഫോണിന്‍റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി മാത്രം ഇതിനകം 60000ലേറെ കണക്ഷനുകള്‍ക്കുള്ള അന്വേഷണം വന്നുകഴിഞ്ഞു. ഐ.എസ്.പി കമ്പനിക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായില്ലെങ്കിലും ഒരു ലക്ഷം കണക്ഷനുകള്‍ വരെ നല്‍കാന്‍ സാധിക്കും.

 

K phone; Only 3800 households have been provided with internet