palapolicedog2906

TAGS

പാലാ പൊലീസ് സ്റ്റേഷനിൽ ഒരാഴ്ചയായി ഉടമയെ കാത്തിരുന്ന ബീഗിൾ ഇന്നത്തിൽപ്പെട്ട നായ്ക്കുട്ടിയെ തേടി ഒടുവിൽ ഉടമകൾ എത്തി. നായയെ കളഞ്ഞുകിട്ടിയ ചേർപ്പുങ്കലിൽ നിന്ന് തന്നെയുള്ള സഹോദരങ്ങളാണ് സ്റ്റേഷനിൽ എത്തി നായയെ ഏറ്റുവാങ്ങിയത്.  ഉടമകൾ എത്തിയില്ലെങ്കിൽ ഡോഗ് സ്‌ക്വാഡിൽ ചേർക്കാനുള്ള ആലോചനകൾ നടക്കുന്നതിനിടെയാണ് യഥാർത്ഥ ഉടമകൾ എത്തുന്നത്

ചേർപ്പുങ്കൽ സ്വദേശിയായ അരുണിന്റെ പ്രിയപ്പെട്ട ബെല്ലയാണ് ഒരാഴ്ചയായി പാലാ പൊലീസ് സ്റ്റേഷന്റെ സ്വന്തം കുട്ടിമാളുവായിരുന്നത്. സ്റ്റേഷനിൽ കളഞ്ഞു കിട്ടി ദിവസങ്ങൾക്കുള്ളിൽ ഉദ്യോഗസ്ഥരുമായി ഇണങ്ങിയ ബെല്ലയ്ക്ക് പാലാ സിഐ തന്നെയാണ് കുട്ടിമാളു എന്ന പേരിട്ടത്. സ്റ്റേഷനിൽ എത്തുന്ന ആളുകൾക്കിടയിലെല്ലാം ഒരാഴ്ചയായി യജമാനനെ തേടുകയായിരുന്നു ബെല്ല.

നൈറ്റ് പെട്രോളിങ്ങിനിടെ രണ്ട് യുവാക്കളാണ് കളഞ്ഞു കിട്ടിയ ബെല്ലയെ പൊലീസിനെ ഏൽപ്പിക്കുന്നത്. കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ നായുടെ വിവരങ്ങൾ പങ്കുവച്ചതോടെ പാലാ സ്റ്റേഷനിലേക്ക് നിർത്താത്ത ഫോൺകോളുകളായി. പലരും അവകാശവാദങ്ങൾ ഉയർത്തിയെങ്കിലും കൃത്യമായ തെളിവുകൾ നൽകാൻ കഴിഞ്ഞില്ല. ഒടുവിൽ ചേർപ്പുങ്കൽ സ്വദേശിയായ അരുൺ നായയുടെ ശരീരത്തിൽ ഉണ്ടായിരുന്ന മുറിവുകൾ ഉൾപ്പെടെ കൃത്യമായ വിവരങ്ങൾ കൈമാറിയതോടെ പൊലീസ് ഉടമയെ ഉറപ്പിക്കുകയായിരുന്നു.

ദിവസങ്ങളായി ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ട കുട്ടി മാളുവിനെ കൈമാറുമ്പോൾ ഉദ്യോഗസ്ഥർക്കും ചെറുതല്ലാത്ത ദുഃഖം ഉണ്ട്. എങ്കിലും യഥാർഥ ഉടമയുടെ കൈകളിലേക്ക് 'കുട്ടിമാളു' എത്തിയതിന്റെ ആശ്വാസമാണ് ഇവരില്‍.

 

Owners of dog kept in Pala Police station arrived