TAGS

ഭിന്നശേഷിക്കാരുടെ ഗാനമേള ട്രൂപ്പ് ഒരുക്കി കോട്ടയം എലിക്കുളം പഞ്ചായത്ത്. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ നിന്നും പുറത്തിറങ്ങി  കലാകഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് പഞ്ചായത്തിലെ ഭിന്നശേഷിക്കാർ.   

 

നടക്കാൻ കഴിയില്ലെങ്കിലും മൈക്ക് കയ്യിൽ കിട്ടിയാൽ എലിക്കുളം ഗ്രാമപഞ്ചായത്തിന്റെ ഗാനമേള ട്രൂപ്പിലെ പാട്ടുകാരനായ സുരേന്ദ്രൻ എല്ലാം മറക്കും. പോളിയോ ബാധിച്ച കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട സുനീഷ് ആണ് ഗ്രൂപ്പിലെ മുഖ്യ ഗായകൻ. എവിടേക്കെങ്കിലും പോകണമെങ്കിൽ മറ്റൊരാളുടെ സഹായം കൂടി വേണ്ട സുനീഷിന് വീടിന് പുറത്തിറങ്ങി പരിപാടികൾക്ക് പോകാൻ കഴിയുന്നതിന്റെ സന്തോഷമാണ്. 

 

ഭിന്നശേഷിക്കാർക്കായി പഞ്ചായത്ത് സംഘടിപ്പിച്ച വിനോദയാത്രയാണ് വഴിത്തിരിവാകുന്നത്. ബീച്ചിൽ അവതരിപ്പിച്ച ഗാനങ്ങൾക്ക് ആളുകൂടിയതോടെ പഞ്ചായത്ത് പ്രസിഡന്റിന്റെയും മെമ്പറുടെയും ആശയമായിരുന്നു ഗാനമേള ട്രൂപ്പ്. മറ്റ് കലാപരമായ കഴിവുള്ളവരെയും ചേർത്ത് കലാസന്ധ്യ അവതരണമാണ് പഞ്ചായത്ത് ലക്ഷ്യം. ഞായറാഴ്ച തോറുമാണ് ഈ ഭിന്നശേഷി കലാകരൻമാരുടെ പരിശീലനം, പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഇവർക്കാവശ്യമായ ഓർക്കസ്ട്ര ഉപകരണങ്ങൾ വാങ്ങിനൽകി. 

 

ഗായകരുടെ പരിശീലനം പൂർത്തിയായി കഴിഞ്ഞു. ജൂൺ 30ന് നടക്കുന്ന ചടങ്ങിൽ മന്ത്രി ആർ ബിന്ദു കേരളത്തിലെ ആദ്യത്തെ ഭിന്നശേഷി കലാകരൻമാരുടെ ഗാനമേള ട്രൂപ്പ് ഉദ്ഘാടനം ചെയ്യും.