congress-child

കണ്ണൂരിൽ കോൺഗ്രസിന്‍റെ റോഡു ഉപരോധത്തിൽപ്പെട്ട പതിമൂന്ന് വയസുകാരനു പുതുജീവിതം. ജന്മനാ കാലിനു സ്വാധീനമില്ലാത്ത മാലൂർ സ്വദേശി ദേവതീർത്ഥിനെ  റോഡു ഉപരോധത്തിനിടെയാണ് കെ.സുധാകരന്‍റെ ഡ്രൈവർ ടി.കെ നിനിൽ ശ്രദ്ധിക്കുന്നത്. ദേവ തീർത്ഥിന്‍റെ  ജീവിത പ്രയാസം നിനിൽ എം പി ഓഫീസിൽ അറിയിച്ചതോടെയാണ് ഇലക്ട്രോണിക്ക് വീൽ ചെയറിനും തുടർ ചികിത്സയ്ക്കും വഴി ഒരുങ്ങിയത്.

 

കെ സുധാകരന്‍റെ  അറസ്റ്റിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ കണ്ണൂർ കാൽടക്സ് ജംഗ്ഷനിൽ ദേശീയ പാത ഉപരോധിച്ചത്. ഗതാഗത കുരുക്കിൽപ്പെട്ടതോടെയാണ് ആശുപത്രിയിൽ എത്താൻ വൈകുമെന്ന കാരണത്താൽ മാലൂർ ഇടപഴശ്ശി ശ്രീദീപത്തിലെ പ്രജീഷ ജന്മന കാലിനു സ്വാധീനമില്ലാത്ത മകൻ ദേവതീർഥിനെ ചുമലിലേറ്റി നടന്നത്.പ്രജിഷയുടെ അടുത്ത് എത്തിയ കെ സുധാകരന്‍റെ  ഡ്രൈവർ ടി.കെ നിനിൽ വിവരങ്ങൾ തിരക്കുകയും തുടർന്ന് ആശുപത്രിയിലേക്ക് പോകാൻ ഓട്ടോ റിക്ഷയും തരപ്പെടുത്തി. പ്രജിഷയുടെയും ദേവതീർത്ഥിന്‍റെയും  അവസ്ഥ നിനിൽ കെ. സുധാകരനെയും എം പി ഓഫീസിന്‍റെ ചുമതലയുള്ള ഷിബുവിനെയും അറിയിച്ചു. ഇതോടെയാണ് സഹായത്തിനു വഴി ഒരുങ്ങിയത്

 

ഒന്നേകാൽ ലക്ഷത്തോളം വിലയുള്ള വീൽ ചെയർ ദേവതീർത്ഥിന് നൽകാനുള്ള നടപടികൾ എം പി ഓഫീസിൽ നിന്ന്   തുടങ്ങിയിട്ടുണ്ട് .ദേവതീർത്ഥിന് ആവശ്യമായുള്ള മരുന്നിനുള്ള സഹായവും നൽകും. റോഡു ഉപരോധങ്ങൾ പൊതു ജനത്തിനെ വലയ്ക്കുന്ന കാലത്താണ് ദേവതീർത്ഥിന് അതൊരു അനുഗ്രഹമായത്.