വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായ SFI നേതാവ് നിഖിൽ തോമസിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകാനുണ്ടെന്ന് പൊലീസ് . തെളിവെടുപ്പ് നടത്തിയപ്പോൾ നിഖിലിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത കലിംഗ സർവ കലാശാലയുടെ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അടക്കമുള്ള രേഖകൾ കേസിൽ നിർണായക തെളിവാകും. നിഖിൽ തോമസിന് പണം വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നൽകിയ മുൻ SFI നേതാവ് അബിൻ സി രാജിനെ കണ്ടെത്തുന്നതിന് തിരച്ചിൽ നോട്ടീസ് തയാറാക്കുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു
വ്യാജ സർട്ടിഫിക്കറ്റ് കേസുമായി ബന്ധപ്പെട്ട് നിഖിൽ തോമസ് നൽകുന്ന വിവരങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്നാണ് പൊലീസ് പറയുന്നത്. ചില കാര്യങ്ങൾ പൂർണമായും വിശ്വസിക്കാനാവുന്നില്ല. ഇന്ന് എറണാകുളത്ത് തെളിവെടുപ്പിന് എത്തിക്കുമെന്ന് കരുതിയിരുന്നുവെങ്കിലും അതുണ്ടായില്ല. എറണാകുളത്തെ ഓറിയോൺ എ ജൻസി വഴിയാണ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മറ്റു രേഖകളും അബിൻ സി രാജ് കൈമാറിയത്.
ഇന്നലെ നിഖിലിന്റെ കായംകുളത്തെ വീട്ടിൽ നിന്ന് കലിംഗ സർവകലാശാലയുടെ ഡിഗ്രി സർട്ടിഫിക്കറ്റ് . മാർക്ക് ലിസ്റ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് അടക്കമുള്ളവയും പണമിടപാട് രേഖകളും കണ്ടെടുത്തിരുന്നു. കേസിലെ നിർണായക തെളിവുകളാണ് ഇവ. കോളജിൽ സമർപ്പിച്ച ശേഷം നിഖിൽ വാങ്ങി സൂക്ഷിച്ചതാണ് ഇവ. മൊബൈൽ ഫോൺ ഉപേക്ഷിച്ചു എന്നാണ് നിഖിലിന്റെ മൊഴി. ഇത് പൂർണമായി പൊലീസ് വിശ്വസിക്കുന്നില്ല. ഫോൺ കണ്ടെത്താനും പൊലീസ് ശ്രമിക്കുന്നുണ്ട്.
നാളെ നിഖിലിന്റെ ജാമ്യാപേക്ഷ കായംകുളം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പരിഗണിക്കും. നിഖിലിന് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ മുൻ SFI നേതാവ് അബിൻ സി രാജിനെ മാലിദ്വീപിൽ നിന്ന് നാട്ടിലെത്തിക്കാൻ പൊലീസ് നീക്കം നടത്തുന്നുണ്ട്. തിരച്ചിൽ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുള്ള പ്രാഥമിക നടപടികളും തുടങ്ങി.