kannadiwb-1-

 അപൂര്‍വ്വ കരവിരുതാണ് അതിരപ്പിള്ളി അടച്ചില്‍തൊട്ടി ആദിവാസി ഊരിലെ കണ്ണാടിപ്പായ. സര്‍ക്കാര്‍ സഹായം ലഭിക്കാതെ വന്നാല്‍ ഒരുപക്ഷെ ഇല്ലാതായി പോകുന്ന സ്ഥിതിയാകും ഈ കരവിരുതിന്..

 അതിരപ്പിള്ളി അടച്ചില്‍തൊട്ടി ആദിവാസി ഊരിലെ പ്രധാന കരകൗശല വസ്തുവാണ് കണ്ണാടിപ്പായ. 90 കുടുംബങ്ങള്‍‍ അതിവസിക്കുന്ന ഊരിലെ ഏറെകുറെ എല്ലാവര്‍ക്കും അറിയുന്ന കരവിരുത്. കണ്ണാടി മാതൃകയില്‍ നെയ്തെടുക്കുന്നത് കൊണ്ടാണ് ഈ പേര്. ഈറ്റയില്‍ നിര്‍മിച്ചെടുക്കുന്ന അപൂര്‍വ്വ കരവിരുത്. കാര്യമായ വരുമാനമില്ലെങ്കിലും ദിവസങ്ങളോളം അധ്വാനിച്ച് നെയ്‌തെടുക്കുന്നവരാണ് മിക്കവരും. പതിറ്റാണ്ടുകളായി പായ നിര്‍മിക്കുന്ന തിരക്കിലാണ് കനകമ്മ

കാട്ടില്‍ നിന്ന് ഈറ്റ വെട്ടിയെടുത്ത് പലതായി ചീന്തിയെടുക്കും. പൂപ്പല്‍ വരാതിരിക്കാന്‍ രണ്ട് ദിവസം ഉപ്പു വെള്ളത്തിലിട്ട് വെക്കും. പിന്നെയാണ് നെയ്‌ത് തുടങ്ങുക. ഒരു പായ നെയ്തെടുക്കാന്‍ രണ്ടു ആഴ്ചയിലധികം സമയമെടുക്കും. ദിവസത്തിലെ ഭൂരിഭാഗം സമയവും പായ നിര്‍മാണത്തിനായി ചിലവൊഴിക്കണം. ഈറ്റ പുഴുങ്ങി കളര്‍ മുക്കി നിര്‍മിക്കുന്ന വര്‍ണപായകളും ഇവിടെ നിര്‍മിച്ചെടുക്കുന്നുണ്ട്. മൂളികണ്ണാടി, പെട്ടികണ്ണാടി, ഷെറയപ്പായ തുടങ്ങീ പലവിധത്തിലുള്ള പായകളും ഇവിടെയുണ്ട്. നെയ്തെടുക്കുന്ന പായ സ്വകാര്യ വ്യക്തിക്ക് കൈമാറലാണ് പതിവ്.

  കണ്ണാടിപ്പായക്ക് ഭൗമസൂചിക പദവി ലഭിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഏറ്റവും നല്ല കരകൗശല വസ്തുവെന്ന നിലക്ക് സര്‍ക്കാര്‍ സഹായം കൂടി ലഭിച്ചാല്‍ ഊരിലെ ആദിവാസികള്‍ക്ക് കൂടുതല്‍ ഉപയോഗപ്രദമാകും. നല്ല വരുമാനവും നേടാനാകും. അധികൃതര്‍ സഹായിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.