തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൈദ്യുതിമുടങ്ങിയതോടെ ഇരുട്ടിലായി രോഗികള്‍. ഒാപ്പറേഷന്‍ തിയേറ്ററിലടക്കം വൈദ്യുതി മുടങ്ങിയതോടെ ശസ്ത്രക്രിയകള്‍ വൈകി. വൈദ്യുതി മുടക്കം പതിവെന്നും പകരം സംവിധാനം ഒരുക്കുന്നതില്‍ കെ എസ് ഇ ബിക്ക്  വീഴ്ചെയെന്നും ആശുപത്രി അധികൃതര്‍ തന്നെ സമ്മതിക്കുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി മുടങ്ങിയതെന്നാണ് കെ എസ് ഇ ബിയുടെ വിശദീകരണം. 

 

മരുന്നു മേടിക്കാനെത്തിയവരൊക്കെ  മൊബൈല്‍ ഫ്ളാഷ് അടിച്ച് വെളിച്ചം കാണുന്ന ഈ ദൃശ്യങ്ങള്‍ വേറെവിടെ നിന്നുമല്ല . സംസ്ഥാനത്തെ ഒന്നാം നമ്പര്‍ സര്‍ക്കാര്‍ ആശുപത്രി  എന്നവകാശപ്പെടുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന്. അര്‍ധരാത്രിയിലെ ദൃശ്യങ്ങളല്ല , ഏറ്റവും തിരക്കേറിയ ഒപി സമയമായ രാവിലെ എട്ടര മണി സമയത്തെ കാഴ്ചയാണ്. രാവിലെ എട്ടിനും പത്തിനുമിടയ്ക്ക് നിരവധി തവണ വൈദ്യുതി വന്നു പോയുമിരുന്നു. ഒാപ്പറേഷന്‍ തിയേറ്ററിലടക്കം വൈദ്യുതി തടസപ്പെട്ടു. ഇന്നലെയും ഒന്നര മണിക്കൂര്‍ വൈദ്യുതി തടസമുണ്ടായി. ഒരു നിമിഷം വൈകാതെ ജനറേറ്റര്‍ സംവിധാനം പ്രവര്‍ത്തിക്കേണ്ട  ജീവന്‍രക്ഷാ കേന്ദ്രമാണ് ഇരുട്ടിലായത് എന്നോര്‍ക്കണം. ഇടയ്ക്കിടെ ആവര്‍ത്തിക്കുന്ന വൈദ്യുതി തടസം ആശുപത്രി പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നു. മെഡിക്കല്‍ കോളജ് പരിസരത്ത് ഒാടയ്ക്കായി കുഴിയെടുക്കുമ്പോള്‍ ലൈന്‍ പൊട്ടിയാണ് കാരണമെന്നും ഉടന്‍ പരിഹരിച്ചുവെന്നുമാണ് കെ എസ് ഇ ബി വിശദീകരണം. 

 

വൈദ്യുതി തടസമുണ്ടായാല്‍ പകരം സംവിധാനം ഒരുക്കേണ്ടതും കെ എസ് ഇ ബിയും പിഡബ്ളുഡി ഇലക്ട്രിക്കല്‍ വിഭാഗവും ചേര്‍ന്നാണ്. ഇവരൊരുക്കുന്ന  ബദല്‍ സംവിധാനത്തിന് ആശുപത്രിയുടെ പതുതിയിടങ്ങളില്‍ പോലും വൈദ്യുതി എത്തിക്കാനാകുന്നില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്കിയിട്ടുണ്ട്.