മലപ്പുറം നഗരസഭയ്ക്ക് പ്രാഥമികാരോഗ്യ കേന്ദ്രം നിര്‍മിക്കാനായി സൗജന്യമായി ഭൂമി വിട്ടുനല്‍കി പാണക്കാട് കുടുംബം. സംസ്ഥാന പാതയോട് ചേര്‍ന്ന് 15 സെന്‍റ് സ്ഥലമാണ്  വിട്ടു നല്‍കിയത്. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് സാദിഖലി തങ്ങളുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ആധാരം ഏറ്റുവാങ്ങി. 

 

പാണക്കാട് കുടുംബത്തിന്‍റെ കരുതലിന് മറ്റൊരു ഉദാഹരണം കൂടി. സംസ്ഥാനപാതയോടു ചേർന്ന് കാരാത്തോട് എടായിപ്പാലത്തിനു സമീപമുള്ള   സെന്റിന് 7 ലക്ഷം രൂപ മാർക്കറ്റ് വില  ലഭിക്കുന്ന സ്ഥലമാണ് നഗരസഭയ്ക്ക് കൈമാറിയത്. 7  വർഷം മുൻപാണ്  പ്രാഥമികാരോഗ്യ കേന്ദ്രം പാണക്കാട് തോണിക്കടവിലെ വാടക കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാൽ പരിമിത സൗകര്യത്തിലായിരുന്നു പ്രവര്‍ത്തനം.

 

2020ൽ ഹൈദരലി ശിഹാബ് തങ്ങൾ സൗജന്യമായി ഭൂമി വിട്ടു നൽകാൻ തയാറായെങ്കിലും   കൂടുതൽ സൗകര്യപ്രദമായ സ്ഥലം കണ്ടെത്താൻ ദേശീയ ആരോഗ്യ ദൗത്യം  അധികൃതർ  ആവശ്യപ്പെട്ടു.  ഭൂമി ലഭ്യമായതോടെ  ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിര്‍മിക്കാനാണ് നഗരസഭയുടെ തീരുമാനം.