kollamsudhi11

സിനിമയിലെ സ്വന്തം ഡയലോഗുപോലെ അധികം എക്സ്പ്രഷനിടാതെ കൊല്ലം സുധി പോയി. ടെലിവിഷനില്‍ ഹാസ്യപരിപാടികളില്‍ ഏറ്റവും കയ്യടിനേടിയ താരം. ജീവിതത്തിലെ പ്രതിസന്ധികളെ ചിരിച്ചുതോല്‍പ്പിച്ച കലാകാരനായിരുന്നു സുധി.

 

ഇടിക്കൂട്ടിലെ വീഴ്ചയില്‍ പറഞ്ഞ ഈ ഡയലോഗിലാണ് കൊല്ലം സുധിയെ മലയാളികള്‍ ആദ്യം ശ്രദ്ധിച്ചത്. തട്ടിവീഴുന്നവരുടെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുമ്പോഴൊക്കെയും സുധിയുടെ ഈ സംഭാഷണമായിരുന്നു പശ്ചാത്തലത്തില്‍. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവലില്‍ സുധിയും കൂട്ടരും കപ്പുയര്‍ത്തിയപ്പോള്‍ അത് ജീവിതത്തിലും വഴിത്തിരിവായി. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ ഒറ്റരംഗം കൊണ്ട് കൊല്ലം സുധി ഹാസ്യനടന്മാരുടെ പട്ടികയിലേക്ക് പുതിയ എക്സ്പ്രഷനിട്ടു.

 

കട്ടപ്പനയുടെ തമിഴ്പതിപ്പിലെ സമാന സീനിലേക്കും സംവിധായകന്‍ നാദിര്‍ഷയ്ക്ക് മറ്റൊരു തിരഞ്ഞെടുപ്പുണ്ടായിരുന്നില്ല. ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഒരു യമണ്ടന്‍ പ്രേമകഥ, മേരാനാം ഷാജി, കേശു ഈ വീടിന്റെ നാഥന്‍, മാസ്ക് തുടങ്ങി പിന്നാലെ എത്തിയ സിനിമകളൊക്കെയും കട്ടപ്പനയിലെ ആ എക്സ്പ്രഷന്റെ സമ്മാനമായിരുന്നുവെന്ന് സുധി തന്നെ പറഞ്ഞു. സിനിമയില്‍ സജീവമായപ്പോഴും വേദികളിലും ടെലിവിഷന്‍ ഷോകളിലും സൂപ്പര്‍താരമായി സുധിയുണ്ടായിരുന്നു.

 

കൊല്ലം വാളത്തുങ്കല്‍ സ്കൂളില്‍ പഠിക്കുമ്പോഴാണ് സുധി ഉള്ളിലെ കലാകാരനെ തിരിച്ചറിയുന്നത്. പാട്ടായിരുന്നു പ്രിയം. പാട്ടുപാടി സ്കൂളിന് സമ്മാനിച്ചത് സംസ്ഥാന പുരസ്കാരം. ഈ അംഗീകാരത്തിന്റെ ആത്മവിശ്വാസത്തില്‍ സഹോദരന്‍ സുനില്‍, നാട്ടുകാരനായ വിനോദ് എന്നിവര്‍ക്കൊപ്പമാണ് മിമിക്രി വേദിയിലേക്ക് സുധിയുടെ യാത്ര തുടങ്ങുന്നത്. ഷമ്മി തിലകന്റെ നേതൃത്വത്തിലുള്ള ട്രൂപ്പിലൂടെ സുധി പേരെടുത്തു. ചിരിച്ചുകണ്ടെത്തിയ സമ്പാദ്യത്തിലൂടെ ജീവിതത്തിലെ കഷ്ടപ്പാടുകളില്‍നിന്ന് കരകരയറി പുതിയ വീടും സ്വപ്നങ്ങളുമായി നടന്നുതുടങ്ങുമ്പോഴാണ് അപകടം സുധിയുടെ ജീവിതം മായ്ച്ചത്.