പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് അര്‍ഹമായ ജലം നല്‍കുന്നതില്‍ തമിഴ്നാടിന് മെല്ലെപ്പോക്കെന്ന് ആക്ഷേപം. ഒന്നാം വിളയ്ക്കുള്ള സമയമായിട്ടും ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പ് കാര്യമായി താഴ്ന്നതിനാല്‍ നെല്‍ കര്‍ഷകര്‍ ആശങ്കയിലാണ്. അര്‍ഹമായ ജലവിഹിതം നേടിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.  

 

കഴിഞ്ഞമാസം 15 മുതല്‍ 31 വരെ ആളിയാറില്‍ നിന്നും നാനൂറ് ഘനഅടി െവള്ളം കിട്ടണമെന്നാണ് കരാറിലുള്ളത്. ജൂണ്‍ മാസം തുടങ്ങിയിട്ടും കേരളത്തിന് ആവശ്യമായ ജലം നല്‍കാന്‍ തമിഴ്നാട് ഒരുക്കമല്ല. കേരളത്തിലെ ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കെന്നാണ് വിമര്‍ശനം. പറമ്പിക്കുളം ആളിയാര്‍ പദ്ധതിയുടെ കരാര്‍ ലംഘനമെന്ന പരാതിക്കിടയില്‍ കര്‍ഷകര്‍ക്ക് ഒന്നാം വിളയിറക്കുന്നതിനുള്ള സമയവും നീളുകയാണ്. സ്വന്തം നിലയില്‍ ഞാറ് മുളപ്പിച്ചവര്‍ പോലും പ്രതിസന്ധിയിലായി. മഴ മാത്രമാണ് ആശ്രയമെന്ന സ്ഥിതിയാണ്. കര്‍ഷകര്‍ക്ക് ജലലഭ്യത വാഗ്ദാനം നല്‍കി ജനപ്രതിനിധികളും കബളിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം.

 

പറമ്പിക്കുളം ഡാമിന്റെ മൂന്ന് ഷട്ടറുകളില്‍ ഒരെണ്ണം തകര്‍ന്നതിനാല്‍ കൂടുതല്‍ വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിയെന്നാണ് തമിഴ്നാട് അവകാശപ്പെടുന്നത്. ആളിയാര്‍ ഡാമിലെ കരുതല്‍ ജലത്തിന്റെ അളവിലും കാര്യമായ കുറവുണ്ടെന്നും ആവര്‍ത്തിക്കുന്നു. കുടിവെള്ളത്തിനെന്ന  പേരില്‍ സെക്കന്‍ഡില്‍ നൂറ് ഘന അടി ജലമാണ് നിലവില്‍ തമിഴ്നാട് ചിറ്റൂര്‍ പുഴയിലേക്ക് ഒഴുക്കുന്നത്. കാര്‍ഷിക ആവശ്യത്തിനുള്ള വെള്ളം ഈമാസം ഏഴ് മുതല്‍ അനുവദിക്കുമെന്നാണ് ഒടുവിലത്തെ ഉറപ്പ്. ഇത് ലംഘിച്ചാല്‍ പ്രത്യക്ഷ സമരപരിപാടികളിലേക്ക് നീങ്ങുമെന്നാണ് കര്‍ഷക സംഘടനകളുടെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെയും മുന്നറിയിപ്പ്.

 

Water level diminished in Chittur river; Farmers in crisis