റേഷൻ വാങ്ങുന്നവർക്ക് പുതിയ ബിൽ നൽകുന്നത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ നീക്കമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ. വിതരണം ചെയ്യുന്ന റേഷനിൽ കേന്ദ്രസർക്കാരിന്റെ വിഹിതം എത്രയെന്ന് കൃത്യമായി രേഖപ്പെടുത്തുന്നതാണ് പുതിയ ബില്ലിങ് സംവിധാനം. ഇത് നടപ്പിലാക്കാൻ സോഫ്റ്റ്വെയര് പുതുക്കിയതാണ് റേഷൻ വിതരണം തടസപ്പെടുത്തിയതെന്നും മന്ത്രി മനോരമന്യൂസിനോട് പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ സബ്സിഡി വിഹിതം പരാമർശിച്ചുള്ള ബിൽ കാർഡുടമകൾക്ക് നൽകാനുള്ള നീക്കം സംസ്ഥാനത്തും നടപ്പിലാകുമ്പോൾ അതിന് പിന്നിലെ ബിജെപി ലക്ഷ്യമാണ് ഭക്ഷ്യമന്ത്രി ചോദ്യം ചെയ്യുന്നത്. കേന്ദ്രത്തിൽ സബ്സിഡി ഇനത്തിൽ വാങ്ങി മുൻഗണനാ വിഭാഗങ്ങൾക്ക് അരി സൌജന്യമായി നൽകിയിരുന്നപ്പോഴും സംസ്ഥാന സർക്കാർ ഇത്തരം വിലകുറഞ്ഞ പ്രചാരണങ്ങൾക്ക് പിന്നാലെ പോയിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
കേരളസർക്കാരിന്റെ ആന ചിഹ്നം അടങ്ങിയ ബില്ലാണ് റേഷൻ വാങ്ങുമ്പോൾ ലഭിച്ചിരുന്നത്. അതിൽ മാറ്റംവരുത്തിയ കേന്ദ്രം മുൻഗണനാ വിഭാഗങ്ങളായ മഞ്ഞ, പിങ്ക് കാർഡുടമകൾക്ക് റേഷൻ വാങ്ങിയതിലെ ആകെ ചെലവും കേന്ദ്രം ചെലവഴിക്കുന്ന സബ്സിഡിയും പ്രത്യേകം രേഖപ്പെടുത്തുന്ന പുതിയ ബില്ലാണ് നൽകുക. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജനയുടെ പേരും ലോഗോയും ബില്ലിൽ ഉണ്ടാകും. നെൽക്കതിരും ഇലകളുമാണ് അന്നയോജനയുടെ ചിഹ്നം. കണ്ടാൽ താമരയാണെന്ന് തോന്നുമെന്നതും സംസ്ഥാന സർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്.
Minister G K Anil slams centre for new ration bill