Elephantfestivals

ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി. പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്നാണ് നിർദേശം. ഗുരുവായൂർ ആനക്കോട്ടയിലെ ആനകൾ ദുരിതത്തിലെന്ന ഹർജിയിൽ ഹൈക്കോടതി അഭിഭാഷക കമ്മീഷനെ നിയോഗിച്ചു.

മാധ്യമ പ്രവർത്തക സംഗീത അയ്യരുടെ ഹർജിയിലാണ് ഗുരുവായൂർ ആനക്കോട്ടയിലെ ആനകളുടെ അവസ്ഥയെക്കുറിച്ച് പഠിക്കാൻ ഹൈക്കോടതി അഭിഭാഷ കമ്മിഷനെ നിയോഗിച്ചത്. നിരവധി ഗുരുതര വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹർജി. നിയമപ്രകാരം ഒരാനക്ക് ഒന്നര ഏക്കർ സ്ഥലം വേണമെന്നിരിക്കെ 42 ആനകളെ 11 ഏക്കറിലാണ് പരിപാലിക്കുന്നത്. പരിപാലനത്തിന് ആവശ്യത്തിന് ആളുകളില്ല. ആനകൾക്ക് വേണ്ടത്ര പരിചരണം ലഭിക്കുന്നില്ല. നീളം കുറഞ്ഞ ചങ്ങലയിൽ കെട്ടിയിടുന്നത് മൂലം ആനകൾ ദുരിതമനുഭവിക്കുന്നു തുടങ്ങിയവ ഹർജിയിൽ പറയുന്നു. അടിയന്തരമായി കോടതിയുടെ ഇടപെടൽ ഉണ്ടാകണമെന്നാണ് ആവശ്യം. 

ഹർജി പരിഗണിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് അഡ്വ.കെ.പി.ശ്രീകുമാറിനെ അഭിഭാഷക കമ്മീഷനായി നിയോഗിച്ചു. അഭിഭാഷക കമ്മീഷൻ ആനക്കോട്ട സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു. ക്ഷേത്രങ്ങളിൽ ആനകൾക്ക് കുളിക്കാൻ ടാങ്കുകളോ, കുളങ്ങളോ ഒരുക്കി നൽകണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് എഴുന്നളളിപ്പുകളിൽ നിയന്ത്രണം വേണമെന്ന് കോടതി വ്യക്തമാക്കിയത്. ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം. ഇക്കാര്യത്തിൽ സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇക്കാര്യത്തിനായി ജില്ലാതലത്തിൽ നിരീക്ഷണ സമിതി വേണമെന്ന് വ്യക്തമാക്കിയ കോടതി വിഷയത്തിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് നോട്ടീസ് അയച്ചു.