പാതയോരങ്ങള്‍ നഗരസഭയുടെ മാലിന്യസംഭരണ കേന്ദ്രങ്ങളായി മാറിയ കൊച്ചിയില്‍ സാംക്രമിക രോഗങ്ങള്‍ പടരുന്നു. മഴയ്ക്ക് മുന്‍പ് നഗരത്തില്‍ നിന്ന് മാലിന്യം നീക്കിയില്ലെങ്കില്‍ എലിപ്പനി, ടൈഫോയ്ഡ് അടക്കം രോഗങ്ങള്‍ കൊച്ചിയില്‍ വ്യാപിക്കുമെന്നാണ് ഐഎംഎയുടെ പൊതുജനാരോഗ്യവിഭാഗം നല്‍കുന്ന മുന്നറിയിപ്പും. 

 

ഈ മാസം സംസ്ഥാനത്ത് സ്ഥിരീകരിച്ച ഡെങ്കിപനി കേസുകളില്‍ പകുതിയും എറണാകുളം ജില്ലയില്‍ നിന്നാണ്. നഗര നിരത്തുകള്‍ ഉടനീളം നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയതിന് പിറകെയെത്തിയ വേനല്‍മഴയാണ് ശേഷമാണ് ഡെങ്കിപനി ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ തുടങ്ങിയത്. കാലവര്‍ഷമെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴും മാലിന്യം നീക്കുന്ന കാര്യത്തില്‍ നഗരസഭ അലംഭാവവും തുടരുന്നു. ഇതോടെയാണ് കടുത്ത മുന്നറിയിപ്പുമായി ഐഎംഎയുടെ പൊതുജനാരോഗ്യവിഭാഗത്തിലെ വിദഗ്ധരും രംഗത്തെത്തിയത്.

 

തമ്മനം, പുല്ലേപ്പടി, വെണ്ണല, ഇടപ്പള്ളി കാക്കനാട് ഭാഗങ്ങളിലാണ് ടെഫോയ്ഡ് കൂടുന്നത്. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ഭക്ഷണാവിഷ്ടങ്ങളടക്കമാണ് നഗരസഭാ ജീവനക്കാര്‍ തരംതിരിക്കുന്നതിനായി പാതയോരങ്ങളില്‍ കൂട്ടിയിടുന്നത്. കൊച്ചിയിലെ മാലിന്യസംസ്കരണ നടപടികളില്‍ അനിശ്ചിതാവസ്ഥ തുടരുന്നതില്‍ ഹൈക്കോടതിയടക്കം അതൃപ്തി പ്രകടിപ്പിക്കുമ്പോഴും നഗരസഭ പതിവ് ആലസ്യത്തില്‍ തന്നെയാണ്.