മുഖ്യമന്ത്രി പിണറായി വിജയൻ കടന്നു പോകുന്ന വഴിയിലൂടെ കറുത്ത ഷർട്ട് ധരിച്ചു പോയ യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് തടഞ്ഞുവച്ചു. യൂത്ത് കോൺഗ്രസ് ചെങ്ങന്നൂർ നിയോജകമണ്ഡലം സമ്മേളനം കഴിഞ്ഞു മടങ്ങുമ്പോഴാണ് ചെങ്ങന്നൂർ മണ്ഡലം മുൻ പ്രസിഡന്റ് അഭിലാഷിനെയാണ് ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പിടികൂടി പൊലീസ് വാഹനത്തിൽ ഇരുത്തിയത്. ഇന്നലെ രാത്രി എംസി റോഡിൽ ഐഒസി പെട്രോൾ പമ്പിന് സമീപത്താണ് സംഭവം.
മുഖ്യമന്ത്രിക്ക് ചെങ്ങന്നൂരിലോ പരിസരങ്ങളിലോ പൊതുപരിപാടികളൊന്നും ഇല്ലാതിരുന്നതിനാൽ അദ്ദേഹം ചെങ്ങന്നൂർ വഴി കടന്നുപോകുന്നത് പൊലീസല്ലാതെ അധികമാരും അറിഞ്ഞിരുന്നില്ല. പൊലീസ് പിടികൂടി വാഹനത്തിലേക്കു മാറ്റിയപ്പോൾ എന്തിനെന്നറിയാതെ അഭിലാഷും അമ്പരന്നു. പിന്നീടാണ് മുഖ്യമന്ത്രി ചെങ്ങന്നൂർ വഴി തിരുവനന്തപുരത്തേക്കു പോകുന്നതായി അറിഞ്ഞതെന്ന് അഭിലാഷ് പറഞ്ഞു.
അതേസമയം അഭിലാഷിനെ കരുതൽ തടങ്കലിൽ എടുക്കുകയോ കേസ് എടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഡിവൈഎസ്പി എം.കെ. ബിനുകുമാർ പറഞ്ഞു. കറുത്ത ഷർട്ട് ധരിച്ചിരുന്നതിനാൽ പ്രതിഷേധത്തിനാകും എന്ന സംശയത്തിൽ പൊലീസ് വാഹനത്തിലേക്കു മാറ്റുക മാത്രമാണ് ചെയ്തതെന്നും മുഖ്യമന്ത്രി കടന്നു പോയ ശേഷം വിട്ടയച്ചെന്നും ഡിവൈഎസ്പി പറഞ്ഞു.