കണ്ണൂര്‍ ഇരിട്ടി അയ്യൻകുന്നിലെ വാണിയപ്പാറയിൽ എത്തിയത് സി.പി.മൊയ്തീന്‍റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സംഘമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൊയ്തീനൊപ്പം തോക്കുധാരികളായ നാലു പേര്‍ ഉണ്ടായിരുന്നതായും പൊലീസിന് വിവരം ലഭിച്ചു. മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിക്ക് സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ വെള്ളി രാത്രി 7.15 ഓടെയാണ് മാവോയിസ്റ്റ് സംഘം വാണിയപ്പാറ കളിതട്ടുംപാറയില ബിജുവിന്‍റെ വീട്ടിലെത്തിയത്. രണ്ട് എ. കെ 47 തോക്കുകളും മൂന്ന് റൈഫിളുകളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് ഇവരുടെ കയ്യിൽ ഉണ്ടായിരുന്നതെന്ന് ബിജു പൊലീസിന് മൊഴി നൽകി. വീട്ടിലെത്തിയ സംഘം പാചകം ചെയ്ത ഭക്ഷണവും ഭക്ഷ്യ സാധനങ്ങളും മൊബൈൽ ചാർജ് ചെയ്യാന്‍ സൗകര്യവും ആവശ്യപ്പെട്ടു.പൊലീസ് ഫോട്ടോ കാണിച്ചപ്പോഴാണ് അഞ്ച് പേരെയും വീട്ടുകാർ തിരിച്ചറിഞ്ഞത്.ജിഷ, സന്തോഷ്, വിമൽ , രമേശൻ എന്നിവരാണ് മൊയ്തീന്‍റെ നേതൃത്വത്തിലുളള സംഘത്തില്‍ ഉണ്ടായിരുന്നത്. ഇതിൽ രമേശൻ ഒഴികെയുളളവര്‍ ഒരു മാസം മുൻമ്പ് ആറളം വിയറ്റ്നാം കോളനിയിലെ വീട്ടില്‍ എത്തി അരിയും സാധനങ്ങളും വാങ്ങിയിരുന്നു.ഇവിടെ വച്ച് ബാരാപ്പോള്‍ ജല വൈദ്യുത പദ്ധതിയെപ്പറ്റിയും അന്വേഷിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ബാരാപോളിൽ സുരക്ഷയും നിരീക്ഷണവും ഏർപ്പെടുത്തിവരികയാണ്. ഇപ്പോൾ എത്തിയതും ബാരാപ്പോളിന്‍റെ സമീപ പ്രദേശത്താണ്,മാവോയിസ്റ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തി, തണ്ടര്‍ബോള്‍ട്ടിന്‍റെ പരിശോധനയും ശക്തമാക്കിയിട്ടുണ്ട്.