നിര്‍മാണത്തിലിരിക്കെ തകര്‍ന്ന കൂളിമാട് പാലം ഉദ്ഘാടനത്തോട് അടുക്കുമ്പോള്‍ പരാതിയുമായി നാട്ടുകാര്‍. 25 കോടി രൂപ ചിലവില്‍ നിര്‍മിച്ച പാലത്തിലെ ടാറിങ് വേനല്‍മഴയില്‍ ഇളകിപോകുന്നതായാണ് പരാതി. കഴിഞ്ഞവര്‍ഷം മേയില്‍ പാലത്തിന്‍റെ ബീമുകള്‍ തകര്‍ന്ന് വീണിരുന്നു
കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്‍റെ ഉദ്ഘാടനം ജൂണില്‍ നടത്താനുള്ള ശ്രമത്തിലാണ് കരാറുകാര്‍. യുദ്ധകാലാടിസ്ഥാനത്തില്‍ പണികള്‍ പുരോഗമിക്കവെയാണ് പാലത്തിലെ ടാറിങ് ഇളകുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. ടാറിങ് നടത്തി മൂന്നാഴ്ച തികയും മുന്‍പ് പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടതോടെ പ്രതിഷേധവുമായി നാട്ടുകാരെത്തി. ഇതോടെ റോഡ് വീണ്ടും ടാര്‍ ചെയ്ത് കരാര്‍ കമ്പനി തടിതപ്പി.
പ്രവര്‍ത്തികളില്‍ സംശയമുള്ളതിനാല്‍ പരിശോധന നടത്തി റോഡിന്‍റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തുടര്‍ചയായി വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും ആവശ്യമുണ്ട്.
Koolimad Bridge inauguration the locals complained