kerala-government-vehicles-1205

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി കെ.എല്‍ 99ല്‍ തുടങ്ങുന്ന നമ്പര്‍. വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിനാണ് പുതിയ നമ്പര്‍ സീരിസ് കൊണ്ടുവന്നത്. എന്നാല്‍ സര്‍ക്കാര്‍ ബോര്‍ഡ് ആര്‍ക്കൊക്കെ വയ്ക്കാം എന്നകാര്യത്തില്‍ സെക്രട്ടറിയേറ്റിലെ സംഘടനകളുടെ എതിര്‍പ്പുമൂലം  തീരുമാനമായില്ല. തുണിക്കട മുതല്‍ മാര്‍ക്കറ്റ്  വരെ കേരള സ്റ്റേറ്റ്  ബോര്‍ഡ് വെച്ച് പോകുന്ന വാഹനങ്ങള്‍ കാണാമെങ്കിലും സര്‍ക്കാരിന്‍റെ കൈവശം എത്ര വാഹനങ്ങളുണ്ടെന്നോ, ഏതു വകുപ്പിന്‍റേതാണ് വാഹനമെന്നോ അറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് വാഹനങ്ങള്‍ക്ക് നമ്പര്‍ സീരീസ് കൊണ്ടു വരാന്‍ തീരുമാനിച്ചത്. 

 

സര്‍ക്കാര്‍ കൊണ്ടു വരുന്ന നമ്പര്‍ സീരീസ് ഇവയാണ്. കെ.എല്‍ 99 എ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്, കെ.എല്‍ 99 ബി സംസ്ഥാനത്തെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്, കെ.എല് ‍99 സി തദ്ദേശസ്ഥാപനങ്ങള്‍ക്ക്, കെ.എല് ‍99 ഡി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായിരിക്കും. ഇതോടെ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം കണ്ടെത്താനും, വാഹനം ഏതു സര്‍ക്കാര്‍ വകുപ്പിലേതെന്നു ഒറ്റ നോട്ടത്തില്‍ അറിയാനും കഴിയും. കെ.എസ്.ആര്‍.ടി.സി ക്ക് നേരത്തെ കെ.എല്‍15 അനുവദിച്ചിരുന്നു. ഉന്നതതലയോഗം ഫയല്‍ അംഗീകരിച്ച് സര്‍ക്കാരിനു കൈമാറി. 

 

എന്നാല്‍ സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ബോര്‍ഡ് ഇതു പോലെ വെയ്ക്കുന്നത് പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിച്ചെങ്കിലും നടന്നില്ല. നിലവില്‍ സെക്രട്ടറിയേറ്റിലെ ഡെപ്യൂട്ടി സെക്രട്ടറി മുതലുള്ളവര്‍ക്ക് സ്വന്തം കാറില്‍ തസ്തികയുടെ പേര് ഇതു പോലെ ബോര്‍ഡ് വയ്ക്കാം. ഇതു പരിമിതപ്പെടുത്താന്‍ ആലോചിച്ചെങ്കിലും എതിര്‍പ്പുമായി ആദ്യം ഭരണാനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷനും പിന്നാലെ പ്രതിപക്ഷ സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷനും രംഗത്തെത്തുകയായിരുന്നു

 

KL 99 Series for Kerala Government Vehicles