vandanadas-mom

'മോളേ, കണ്ണുതുറക്കെടീ....' ഡോ.വന്ദന ദാസിന്റെ അമ്മ വസന്തകുമാരിയുടെ ഹൃദയം പൊട്ടിയ കരച്ചിൽ എല്ലാവരിലേക്കും പടർന്നു. അവസാനമായി തന്റെ മകളെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും അവർക്കും കൊതിതീരുന്നുണ്ടായിരുന്നില്ല. ഈ കാഴ്ച കണ്ടുനിന്ന ആർക്കും പരസ്പരം ഒന്നും പറയാനുണ്ടായിരുന്നില്ല. ചിലർ വിതുമ്പി, ചിലർ പൊട്ടിക്കരഞ്ഞു. വന്ദനയെ നേരിട്ടു പരിചയമില്ലാത്തവർപോലും സമാനതകളില്ലാത്ത ക്രൂരതയോർത്ത് രോഷം കൊള്ളുകയും സങ്കപ്പെടുകയും ചെയ്തു.

ബുധനാഴ്ച രാത്രി 8.05നാണു മുട്ടുചിറ പട്ടാളമുക്കിലെ നമ്പിച്ചറക്കാലായിൽ വീട്ടിൽ ഡോ.വന്ദനയുടെ മൃതദേഹം എത്തിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അന്ത്യകർമങ്ങൾ ആരംഭിച്ചത്. ചിതയിലേക്കു മൃതദേഹം എത്തിച്ചപ്പോൾഅമ്മ വസന്തകുമാരിക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഉടൻ ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകി. വീട്ടുവളപ്പിലെ പുളിമരത്തിനു സമീപമാണു വന്ദനയുടെ ചിതയൊരുക്കിയത്. വന്ദനയുടെ കുടുംബവീട് നിന്നിരുന്ന സ്ഥലത്തിനു സമീപമായിരുന്നു ചിത. ഇതിനു സമീപമാണു വന്ദനയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും സംസ്കരിച്ചത്. വന്ദനയുടെ അമ്മാവന്റെ മകൻ നിവേദാണു ചിതയ്ക്കു തീകൊളുത്തിയത്.

 

ഡോ. വന്ദനയെ അവസാനമായി ഒരുനോക്കു കാണാൻ എത്തിയവരുടെ നിര വീട്ടിൽ നിന്നു റോഡിലേക്കു നീണ്ടു. കോട്ടയം–എറണാകുളം റോഡിൽ പൊലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. വീടിനു സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങൾ പാർക്കിങ് സ്ഥലമാക്കി മാറ്റി പൊലീസ് തിരക്കു നിയന്ത്രിച്ചു. പുഷ്പചക്രങ്ങളും പൂക്കളുമായാണു പ്രിയപ്പെട്ടവർ വന്ദനയെ അവസാനമായി കാണാനെത്തിയത്. വീടിന്റെ മുൻവശത്ത് ഒരു ഭാഗത്ത് ഇവ കൂമ്പാരമായി.

 

Doctor Vandana Das Funeral