മൂന്നാം വയസില്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ അച്ഛനും അമ്മയും ഉപേക്ഷിച്ച് പോയതാണ് രാഹുലിനെ. കേള്‍വിയും, സംസാര വൈകല്യവുമുള്ള കുഞ്ഞായിരുന്നു രാഹുല്‍. ഇന്നലെ അതേ റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിക്കപ്പെട്ട അതേയിടത്ത് വച്ച് രാഹുലിനെ രാജ്യത്തിന്റെ പ്രധാനമന്ത്രി ചേര്‍ത്തുപിടിച്ചു. സന്തോഷം കൊണ്ട് ശ്രീചിത്ര ഹോമിലെ കൂട്ടുകാരുടെ കണ്ണുനിറഞ്ഞു. വന്ദേഭാരതിന്റെ താന്‍ വരച്ച ചിത്രം രാഹുല്‍ പ്രധാനമന്ത്രിക്ക് സമ്മാനിക്കുകയും ചെയ്തു. സന്തോഷപൂര്‍വം മോദി അത് കൊണ്ടുപോയി.

 

ശ്രീചിത്രയിലെ തന്നെ പ്ലസ്ടു വിദ്യാര്‍ഥി അഞ്ജലിയാണ് രാഹുല്‍ പറഞ്ഞതെല്ലാം പ്രധാനമന്ത്രിക്ക് പരിഭാഷപ്പെടുത്തി നല്‍കിയത്. വന്ദേഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫിനു പ്രധാനമന്ത്രി വരുന്നതിനോടനുബന്ധിച്ചു തലസ്ഥാനത്തെ സ്കൂളുകളിൽ വന്ദേഭാരതിനെക്കുറിച്ചുള്ള ചിത്രരചനാ , ഉപന്യാസ മത്സരങ്ങൾ നടത്തി വിദ്യാർഥികളെ തിരഞ്ഞെടുത്തിരുന്നു. അങ്ങനെയാണു മോദിയും വന്ദേഭാരതും ചേർന്നുള്ള ചിത്രം വരച്ച രാഹുലിനെ  തിരഞ്ഞെടുത്തത്.

 

മൂന്നാം വയസില്‍ പൊലീസാണ് രാഹുലിനെ ശ്രീചിത്ര ഹോമിലേക്ക് എത്തിച്ചത്. മിടുക്കനായി അവിടെ വളര്‍ന്ന രാഹുലിനിന്ന് 23 വയസുണ്ട്. വൈകല്യത്തെ മറികടന്ന് പ്ലസ്ടുവരെ രാഹുല്‍ പഠിച്ചു. ഇനി ഫൈനാര്‍ട് കോളജില്‍ ചേര്‍ത്ത് പഠിപ്പിക്കാനുള്ള ആലോചനയിലാണ് ശ്രീചിത്ര പുവര്‍ഹോം അധികൃതര്‍. രാഹുലിന്റെ ചിത്രപ്രദര്‍ശനം നടത്താനും ഇവര്‍ക്ക് പദ്ധതിയുണ്ട്.

 

PM Modi congratulates rahul from trivandrum