സംസ്ഥാനത്തിന്റെ ഒട്ടേറെ രാഷ്ട്രീയ ചർച്ചകൾക്കും തീരുമാനങ്ങൾക്കും വേദിയായ സിപിഐയുടെ സംസ്ഥാന ആസ്ഥാന മന്ദിരമായ എം.എൻ സ്മാരകം ഓർമകളിലേക്ക്. നേതാക്കൾക്ക് താമസസൗകര്യം ഉൾപ്പടെയുള്ള ആധുനിക ഓഫീസ് ഇതേ മുഖച്ഛായയിൽ തന്നെ നിർമിക്കുകയാണ് സിപിഐ. ഇന്നു മുതൽ പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനം പട്ടം പി.എസ് ശ്രീനിവാസൻ സ്മാരകത്തിലേക്ക് മാറും.
കേരള രാഷ്ട്രീയത്തിലെ ഏറെ പ്രതിസന്ധികൾ ചർച്ച ചെയ്യുകയും പരിഹാരം തേടുകയും ചെയ്ത എം.എൻ.സ്മാരകവും ഇനി ഇവിടയുണ്ടാവില്ല. എം. എൻ.ഗോവിന്ദൻനായരുടെയും, ടിവി തോമസിന്റെയും , സി. അച്യുതമേനോന്റെയും, പികെവിയുടെയുടെയും മുതൽ വെളിയും ഭാർവന്റെയും സി കെ ചന്ദ്രപ്പന്റെയും വരെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന പാർട്ടി ഓഫീസാണ് മുഖം മിനുക്കാൻ പൊളിച്ചു പണിയുന്നത്. പകരം ഇതേ മുഖച്ഛായയോടുകൂടിയ ആധുനിക കെട്ടിടമാണ് 10 കോടി ചിലവിൽ ഇവിടെ ഉയരുക. എം.എൻ സ്മാരകത്തിലെ പ്രവർത്തനങ്ങൾ ഇന്നലെ കൊണ്ട് അവസാനിച്ചു. പുതിയ കെട്ടിടം ഉയരും വരെ സംസ്ഥാന കമ്മിറ്റി ഓഫീസാവുന്ന പി എസ് സ്മാരകത്തിലേക്ക് സാധനങ്ങളെല്ലാം മാറ്റി. 62 ൽ നിർമാണം പൂർത്തിയായ പാർട്ടി ആസ്ഥാനം ആദ്യ സെക്രട്ടറിയായ എം.എൻ.ഗോവിന്ദൻനായരുടെ മരണത്തിന് ശേഷം 85 ലാണ് എം.എൻ. സ്മാരകമായി നാമകരണം ചെയ്തത്.
മേയ് 1 മുതൽ 10 വരെ പാർട്ടി പ്രവർത്തകരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പിരിവെടുത്താണ് നിർമാണ ചിലവിന് പണം കണ്ടെത്തുന്നത്. 40 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം പുതിയ ഓഫീസിലുണ്ടാവും.