ഭീമനടി: പാർട്ടി പ്രവർത്തകനായ ഭക്തന്റെ പ്രാർത്ഥന നിറവേറ്റാൻ രാജ് മോഹൻ ഉണ്ണിത്താൻ അനുയായികളൊടൊപ്പം കളിയാട്ട വേദിയിലെത്തി. കാട്ടി പൊയിൽ കടയങ്കയ തട്ട് ചെറുപ്പ കോട് തറവാട് വിഷ്ണുമൂർത്തി ദേവസ്ഥാനത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയ പഞ്ചുരുളി തെയ്യത്തിനാണ് തിരുവായുധം നൽകി നേർന്ന പ്രാർഥന നിറവേറ്റിയത്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ ബിരിക്കുളത്തെ കെ.രാജു വിശ്വകർമനാണ് ഉണ്ണിത്താന് വേണ്ടി വഴിപാട് നേർന്നത്
കോവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷം കളിയാട്ടം നടന്നില്ല. വഴിപാട് കാര്യം എംപിയെ അറിയിച്ചതിനെതുടർന്ന് അദ്ദേഹം ഇന്നലെ നേരിട്ട് എത്തി പഞ്ചുരുളി തെയ്യത്തിന് തിരുവായുധം സമർപ്പിക്കുകയായിരുന്നു. തന്റെ പ്രാർത്ഥന നിറവേറ്റിയതിന്റെ സന്തോഷത്തിലാണ് രാജു വിശ്വകർമനും കുടുംബവും. പഞ്ചുരുളിക്കും കല്ലുരുട്ടി അമ്മയ്ക്കും ദക്ഷിണ നൽകി അനുഗ്രഹം ഏറ്റുവാങ്ങി ഏറെ നേരം ദേവസ്ഥാനത്ത് ചെലവഴിച്ചതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.