nemakochuvelirailway1904

നേമം, കൊച്ചുവേളി ടെർമിനലുകൾ വികസിപ്പിക്കുമെന്ന കേന്ദ്ര റയിൽവേ മന്ത്രിയുടെ പ്രസ്താവനയോടെ കേരളത്തിൻ്റെ റയിൽവേ ഭൂപടത്തിലെ പ്രധാന രണ്ട് പദ്ധതികൾക്കാണ് ജീവൻ വയ്ക്കുന്നത്. നിർത്തിയിടാനും അറ്റകുറ്റപണികൾക്കും കൂടുതൽ സൗകര്യം വരുന്നതോടെ ഇനിയും പുതിയ ട്രെയിനുകൾ ലഭിക്കാനുള്ള സാധ്യത കൂടിയാണ് തെളിയുന്നത്.

 

കേന്ദ്ര മന്ത്രിയുടെ പ്രഖ്യാപനത്തോടെ തലസ്ഥാനത്തിന്റെ റയിൽവേ വികസന സ്വപ്നങ്ങൾക്ക് ചിറക് മുളക്കുകയാണ്. കാലങ്ങളായി അവഗണനയിലായിരുന്ന നേമം, കൊച്ചുവേളി പദ്ധതികളാണ് ട്രാക്കിലാകുന്നത്. ഇരു പദ്ധതികൾക്കുമായി അനുവദിച്ചിരിക്കുന്നത് 156 കോടിയാണ്. നേമം ടെർമിനലിന്‍റെ ഒന്നാം ഘട്ടത്തിനാണ് അനക്കം വയ്ക്കുന്നത്. ട്രെയിനുകൾ നിർത്തിയിടാനുള്ള 4 സ്റ്റേബ്ലിങ് ലൈനുകൾ, അറ്റകുറ്റപണികൾക്കായുള്ള 2 പിറ്റ് ലൈനുകൾ എന്നിവയുടെ നിർമാണമാണ് ആദ്യ ഘട്ടത്തിൽ. കൊച്ചുവേളി വികസിക്കുന്നതോടെ ഒരു പിറ്റ് ലൈനും ഒരു സ്റ്റേ ബ് ലിങ് ലൈനും കൂടി ലഭിക്കും. 

 

നേമവും കൊച്ചുവേളിയും പ്രഖ്യാപിത നിലവാരത്തിലെത്തിയാൽ തമ്പാനൂരെ വൻ തിരക്ക് കുറയും. വർക്കല സ്റ്റേഷൻ വികസനത്തിന് 170 കോടി വകയിരുത്തി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷൻ ആധുനിക നിലവാരത്തിലേയ്ക്ക് ഉയർത്തും. നിർത്തിയിടാൻ സ്ഥലമില്ല, അറ്റകുറ്റപ്പണിക്ക് സൗകര്യമില്ല തുടങ്ങിയ വാദങ്ങൾ നിരത്തിയാണ് പുതിയ ട്രെയിനുകൾ അനുവാദിക്കാത്തതിനെ റയിൽവേ ന്യായീകരിക്കുന്നത്. കൊച്ചുവേളിയും നേമവും യാഥാർഥ്യമായാൽ പിന്നെ ഈ വാദത്തിന് പ്രസക്തി ഉണ്ടാകില്ല. വന്ദേ ഭാരത് സർവീസ് മുന്നിൽക്കണ്ട് പാളങ്ങൾ നവീകരിക്കുന്നതോടെ വേഗം കൂടുകയും സംസ്ഥാനത്തോടുന്ന മുഴുവൻ ദീർഘ സർവീസുകൾക്കും യാത്രാ സമയം കുറയുകയും ചെയ്യുന്നത് നേട്ടമാണ്. 

 

Nemam and Kochuveli terminals will be developed