TAGS

വിനോദസഞ്ചാരികളെ ഹരം കൊള്ളിച്ച് പ്രത്യേക സര്‍വീസുമായി ഊട്ടിയിലെ പൈതൃക ട്രെയിന്‍. ഊട്ടി കേത്തി ഊട്ടി റൗണ്ട് ട്രിപ്പിനാണ് തുടക്കമായത്.  ശനി ഞായര്‍ ദിവസങ്ങളിലെ മേട്ടുപ്പാളയം ഊട്ടി പ്രത്യേക സര്‍വീസിലും നിരവധി സഞ്ചാരികളാണ് യാത്ര ചെയ്യുന്നത്. 

 

ജൂണ്‍ 26 വരെയുള്ള വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളിലാണ് പ്രത്യേക സര്‍വീസ്. ഊട്ടി കേത്തി ഊട്ടി റൗണ്ട് സര്‍വീസുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ചൂളം വിളിച്ച് മലനിരകളിലൂടെ പായുന്നത്. രാവിലെ 9.45, 11.30 ഉച്ചയ്ക്ക് മൂന്ന് എന്നീ സമയങ്ങളിലാണു സര്‍വീസുകള്‍. 120 ഫസ്റ്റ് ക്ലാസ്, 86 സെക്കന്‍ഡ് ക്ലാസ് സീറ്റുകളാണുള്ളത്. ഫസ്റ്റ് ക്ലാസിന് 630 രൂപയും സെക്കന്‍ഡിന് 465 രൂപയുമാണ് നിരക്ക്. പുത്തന്‍ കോച്ചുകളും സൗകര്യങ്ങളും സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കും. ഇതിന് പുറമെയാണ് മേട്ടുപ്പാളയം ഊട്ടി പ്രത്യേക സര്‍വീസിനും തുടക്കമായിരിക്കുന്നത്. ശനിയാഴ്ചകളില്‍ മേട്ടുപ്പാളയത്ത് നിന്ന് ഊട്ടിയിലേക്കും. ഞായറാഴ്ചകളില്‍ ഊട്ടിയില്‍ നിന്നു മേട്ടുപ്പാളയത്തേക്കുമാണ് പ്രത്യേക സര്‍വീസുകള്‍. പ്രത്യേക ട്രെയിനുകളില്‍ റിസര്‍വേഷന്‍ സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. 

അവധിക്കാലം തുടങ്ങിയതോടെ മലയാളികള്‍ ഉള്‍പ്പെടെ നിരവധി സഞ്ചാരികളാണ് ഊട്ടിയിലെത്തുന്നത്. കാഴ്ചകള്‍ കണ്ട് വനമേഖലയിലൂടെയുള്ള യാത്ര പ്രത്യേക അനുഭവമാണ് ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നത്. പ്രത്യേക സര്‍വീസ് തുടങ്ങി ആദ്യ ദിവസം തന്നെ മികച്ച വരുമാന വര്‍ധനയാണ് രേഖപ്പെടുത്തിയത്.  

Ooty special train service targeting tourists during summer season