ptsevendhonyhappy

അരിക്കൊമ്പനെ പിടികൂടുന്നതില്‍ അനിശ്ചിതത്വം നിലനില്‍ക്കുമ്പോള്‍ പാലക്കാട്ടെ ധോണി തീര്‍ത്തും സന്തോഷവാനാണ്. ഇഷ്ട വിഭവങ്ങളായ കരിമ്പും വാഴപ്പഴവുെമല്ലാം നന്നായി രുചിച്ച് തുമ്പിക്കൈ ഉയര്‍ത്തി മന്ത്രിയെ അഭിവാദ്യം ചെയ്തു. ഒരുകാലത്ത് നാടിനെയാകെ വിറപ്പിച്ചിരുന്ന പിടി സെവനെന്ന കൊമ്പനെ വനംവകുപ്പ് പിടികൂടി കൂട്ടിലാക്കി ചട്ടം പഠിപ്പിച്ച് സംരക്ഷിക്കുകയാണ്.    

 

നാട്ടിന്‍പുറത്തെ കൃഷിയിടത്തിലെ കരിമ്പും വാഴയും നെല്ലുമെല്ലാം അനുവാദം തേടാതെ കട്ടെടുക്കുന്നതായിരുന്നു ധോണിയുടെ ശീലം. ഈ കുറുമ്പ് സഹിക്ക വയ്യെന്ന അവസ്ഥയെത്തിയപ്പോഴാണ് ആനയെ പിടികൂടി കൂട്ടിലാക്കണമെന്ന ആവശ്യവുമായി ഒരു നാടാകെ സമര മുഖത്തേക്കിറങ്ങിയത്. ഒടുവില്‍ പിടി സെവനെ വനംവകുപ്പ് മയക്കുവെടിയുതിര്‍ത്ത് പിടികൂടി കൂട്ടിലാക്കി. പിന്നാലെ ധോണിയെന്ന പേര് നല്‍കി. രണ്ട് മാസം മുന്‍പ് വരെ ഏറെ കുറുമ്പ് കാട്ടിയിരുന്ന കൊമ്പന്‍ ഇന്ന് കൂട്ടില്‍ അനുസരണയുള്ളവനാണ്. പാപ്പാന്‍മ്മാരുടെ നോട്ടം പോലും ധോണിയെ സ്വാധീനിക്കുന്നു. 

 

ഒരുഭാഗത്ത് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരായ പ്രതിഷേധം. ഈസമയം നേരത്തെ കൂട്ടിലാക്കിയ ധോണിയിലെ കൊമ്പന്റെ വമ്പ് കുസൃതിയിലേക്ക് വഴിമാറുകയാണ്. കൂട് തകര്‍ക്കാന്‍ യാതൊരു ശ്രമങ്ങളുമില്ല. ചൂട് കൂടിയ സാഹചര്യമായതിനാല്‍ ദിവസേന അഞ്ച് നേരം ശരീരം തണുക്കുമ്പോള്‍ തുമ്പിക്കൈ ഉയര്‍ത്തി നന്ദി പ്രകടിപ്പിക്കുന്നതും ധോണി ശീലമാക്കിയിട്ടുണ്ട്. മികച്ച കുങ്കിയെന്ന് പേരെടുത്തവരുടെ പട്ടികയിലേക്ക് ധോണിയും വൈകാതെ ഇടംപിടിക്കും.

 

PT 7 Lives is quite happy