സെക്രട്ടറിയേറ്റിനു മുന്നിൽ യാചനാ സമരവുമായി സർവീസിൽ നിന്നു പുറത്താക്കപ്പെട്ട ഹയർ സെക്കൻഡറി അധ്യാപകർ. പി.എസ്.സി വഴി നിയമനം ലഭിച്ച ഇംഗ്ലീഷ് അധ്യാപകരാണ് ജോലി തിരികെ നൽകണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്നത്.നിയമനം ലഭിച്ച് ഒന്നര വർഷം വരെ കഴിഞ്ഞ് ഒഴിവില്ലെന്ന കാരണം പറഞ്ഞാണ് സർക്കാർ ഇവരെ പിരിച്ചു വിട്ടത്
2017 ൽ പി.എസ്.സി അപേക്ഷ ക്ഷണിച്ചു.2018 ൽ പരീക്ഷ നടത്തി, 2019 ൽ റാങ്ക് ലിസ്റ്റു പ്രകാരം പി.എസ്.സി നിയമന ശുപാർശ നൽകി ജോലിയിൽ പ്രവേശിച്ചു, എല്ലാം നിയമാനുസൃതം, എന്നാൽ ഒരു സുപ്രഭാതത്തിൽ സർക്കാർ പറയുന്നു, തൽക്കാലം ഒഴിവില്ലെന്നും പിരിഞ്ഞു പോകണമെന്നും. അധികാരികളുടെ വാതിൽ മുട്ടി ഫലമില്ലാതെയായതോടെയാണ് സമരവുമായി രംഗത്തെത്തിയത്. പി.എസ്.സി യുടെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവിയില്ലാത്ത സംഭവമെന്നാണ് അധ്യാപകർ പറയുന്നത്
എന്നാൽ ഇവർ പ്രതീക്ഷ കൈവിടുന്നില്ല. ജോലിയിൽ കയറി വരെപ്പോലും പിരിച്ചുവിട്ടപ്പോഴാണ് ഇതേ തസ്തികയിൽ പരീക്ഷ കഴിഞ്ഞ് 347 പേരെ ഉൾപ്പെടുത്തി പുതിയ ഷോർട് ലിസ്റ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചിരിക്കുന്നത്.ആരെ പറ്റിക്കാനാണിതെന്നാണ് അധ്യാപകരുടെ ചോദ്യം